ദേവകിയമ്മ വധം; കേസന്വേഷണം നിലച്ചു
കാഞ്ഞങ്ങാട്; പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകിയമ്മ വധക്കേസിലെ അന്വേഷണം നിലച്ചു. ഇക്കഴിഞ്ഞ ജനുവരി 13 ന് വൈകുന്നേരമാണ് ദേവകിയമ്മയെ സ്വന്തം വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വച്ച് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഇവരെ വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ് ഒട്ടനവധി പേരെ ചോദ്യം ചെയ്തിരുന്നെങ്കിലും നാളിതുവരെയായി പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
പ്രതികളെന്ന് സംശയിക്കുന്ന ചിലരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെ ഈ കേസ് അനിശ്ചിതാവസ്ഥയിലാവുകയായിരുന്നു.
അതേ സമയം സംഭവം നടന്ന് നാലുമാസം തികഞ്ഞെങ്കിലും ഇപ്പോള്‍ കേസന്വേഷണം പാടെ നിലച്ച രീതിയിലാണ് ഉള്ളത്. ലോക്കല്‍ പൊലിസ് അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയതായി ഒരു മാസം മുന്‍പ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ക്രൈംബ്രാഞ്ച് സംഘം ഈ കേസ് അന്വേഷണം തുടങ്ങിയിട്ടില്ലെന്നാണ് സൂചന.
കേസന്വേഷണത്തിന് ഏറെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കെ ദേവകിയമ്മ വധക്കേസിലെ പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തത് പ്രദേശവാസികളിലും മറ്റും പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.
കേസിലെ പ്രതികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു വിവിധ രാഷ്ട്രീയ കക്ഷികളും,വനിതാ സംഘടനകളും ആദ്യഘട്ടത്തില്‍ രംഗത്ത് ഇറങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ ഇവരൊക്കെയും നിര്‍ജ്ജീവമായ അവസ്ഥയിലാണ്. അതേ സമയം ദേവകിയമ്മയുടെ വീടിന് ചുറ്റു ഭാഗങ്ങളില്‍ മറ്റു വീടുകള്‍ ഉണ്ടായിരിക്കെ അതി വിദഗ്ദമായി ദേവകിയമ്മയെ വകവരുത്തിയവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിക്കാതെ വന്നത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ കേസന്വേഷണവും നിലച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."