പ്രളയം: വിദേശസഹായം സംബന്ധിച്ച് തീരുമാനമായില്ല
ന്യൂഡല്‍ഹി: പ്രളയക്കെടുതി അതിജീവിച്ചുവരുന്ന കേരളത്തിന് വിവിധ രാജ്യങ്ങള്‍ നല്‍കാമെന്നേറ്റ സഹായങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ വാഗ്ദാനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിദേശസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച നിലവിലെ ചട്ടങ്ങള്‍ വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് കൂടിക്കാഴ്ച്ചയ്ക്കു ശേഷം കേരളാ ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ''ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നില്ല. ചില ഘട്ടങ്ങളില്‍ സ്വീകരിക്കുന്നില്ലെന്നും ഇതിനു ചില ഉദാരണങ്ങളും പറഞ്ഞു'' ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ പിന്തുണ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കിയ നിര്‍ലോപമായ പിന്തുണക്ക് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രളയത്തില്‍ 481 പേരാണ് മരിച്ചത്. സംസ്ഥാനത്തെ 80 ശതമാനം പോരെയും നേരിട്ടോ ഭാഗകമായോ ബാധിച്ചു.
14ല്‍ 13 ജില്ലകളിലും പ്രളയമുണ്ടായി. വന്‍തോതില്‍ നാണ്യവിളനഷ്ടവുമുണ്ടായി. റോഡുകളും പാലങ്ങളും തകര്‍ന്നത് ഗതാഗത സംവിധാനത്തെ ബാധിച്ചു. ലക്ഷക്കണക്കിനാളുകളുടെ ജീവനോപാധി ഇല്ലാതായി. 14,50,707 പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിയത്. 15,000 വീടുകള്‍ പൂര്‍ണ്ണമായും 4,000 ത്തോളം വീടുകള്‍ ഭാഗികമായും നശിച്ചു. 10,000 ത്തോളം കിലോമീറ്റര്‍ റോഡുകള്‍ തകരുകയോ ഗതാഗത യോഗ്യമല്ലാതാവുകയോ ചെയ്തു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധി ഇല്ലാതായതായും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലേക്ക് നീങ്ങുമ്പോഴും 700 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലുള്ള സമഗ്രമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ചളിനിറഞ്ഞ ആറു ലക്ഷത്തിലേറെ വീടുകള്‍ വൃത്തിയാക്കി. കിണറുകള്‍ വൃത്തിയാക്കുക, പരിസരം ശുചിയാക്കുക, അണുവിമുക്തമാക്കുക തുടങ്ങി സംഘടിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്.
രക്ഷാപ്രവര്‍ത്തനങ്ങളുടെ ഘട്ടം കഴിഞ്ഞു. ക്യാംപുകളില്‍ ഇപ്പോഴും 700 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. അക്കാര്യങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ക്കു പുറമെ നാട്ടുകാരം പ്രത്യേകിച്ച് മല്‍സ്യത്തൊഴിലാളികളുടെയും യുവാക്കളുടെയും പങ്ക് എടുത്തുറയേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആവശ്യങ്ങളെല്ലാം പ്രധാനമന്ത്രി നല്ല നിലക്ക് കേട്ടെന്നു മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല നിലയില്‍ കേട്ടതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
എല്ലാത്തിലും അനുകൂലമായ നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ തന്നെ വിവിധ വകുപ്പുകള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കി. കേരളത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച തുടര്‍നടപടികള്‍ക്കായി ബന്ധപ്പെടാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ടോംജോസിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4796 കോടിയുടെ അധിക സഹായം അഭ്യര്‍ത്ഥിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം വേണമെന്നു പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലോകബാങ്ക്, എ.ഡി.ബി, ഐ.എഫ്.സി, യു.എന്‍.ഡി.പി എന്നീ സ്ഥാപനങ്ങളുടെ സംയുക്തസംഘം ധനമന്ത്രാലയത്തിന്റെ സഹായത്തോടെ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയുണ്ടായി.
ഇതുപ്രകാരം 25,000 കോടി രൂപയാണ് പുനര്‍നിര്‍മ്മാണത്തിന് വേണ്ടിവരുകയെന്ന് കണ്ടെത്തിയത്. യു.എന്‍.ഡി.പിയുടെ വിശദമായ റിപ്പോര്‍ട്ട് അടുത്തമാസം മധ്യത്തോടെ ലഭിക്കും. സംസ്ഥാനത്തിന്റെ വായ്പാ പരിധി ജി.എസ്.ഡി.പിയുടെ മൂന്നു ശതമാനം എന്നതില്‍ നിന്നും 4.5 ആയി നടപ്പുസാമ്പത്തിക വര്‍ഷം വര്‍ധിപ്പിച്ച് അടുത്ത വര്‍ഷം അത് 3.5 ആയി നിജപ്പെടുത്തുക എന്നൊരാവശ്യവും കേരളം മുന്നോട്ടുവച്ചു. ഇതുപ്രകാരം രണ്ടുവര്‍ഷം കൊണ്ട് 16,000 കോടി രൂപയുടെയെങ്കിലും അധികം വായ്പ ലഭ്യമാക്കാന്‍ കഴിയും.
ഭവനരഹിതരായവര്‍ക്ക് വീടുവെച്ച് നല്‍കാന്‍ 2,530 കോടി രൂപയെങ്കിലും വേണം. ഇതിനായി വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രകാരമുള്ള ധനസഹായത്തില്‍ 10 ശതമാനം വര്‍ദ്ധന വരുത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണം. കേന്ദ്ര റോഡ് ഫണ്ട് ഇനത്തിലും 2018 19 ലെ വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തി 3,000 കോടി രൂപയുടെ സഹായം കേന്ദ്ര റോഡ് ഗതാഗത വകുപ്പ് നല്‍കണം.
ചെറികിട ഇടത്തരംവ്യാപാരികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയ വിഭാഗങ്ങളെ ധനസഹായ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ ഭേദഗതികള്‍ വ്യവസ്ഥകളില്‍ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഈ വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇന്‍ഷുറന്‍സിന്റെയോ മറ്റോ പരിരക്ഷകള്‍ ഒന്നുംതന്നെയില്ല.
അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള വായ്പക്ക് അനുസൃതമായ ധനവിഭവം പ്രദാനം ചെയ്യാന്‍ കേന്ദ്രം 5,000 കോടി രൂപയുടെ സ്‌പെഷ്യല്‍ ഗ്രാന്റ് സംസ്ഥാനത്തിന് നല്‍കണം. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ പുനര്‍ജീവിപ്പിക്കാനും ലക്ഷങ്ങള്‍ക്ക് ജീവിത മാര്‍ഗം ഒരുക്കാനും അടിസ്ഥാന മേഖലയിലെ പുനര്‍നിര്‍മ്മാണത്തിനും ഗ്രാന്റ് അനിവാര്യമാണെന്നും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിച്ചു.
കുട്ടനാടിനെ സഹായിക്കാന്‍ നെതര്‍ലാന്‍ഡ്‌സ് സഹായം
ന്യൂഡല്‍ഹി: പ്രളയത്തിന് ശേഷം ഇനിയും കര കയറിയിട്ടില്ലാത്ത കുട്ടനാടിനെ കൈപിടിച്ചു കയറ്റാന്‍ നെതര്‍ലാന്‍ഡ്‌സിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കുട്ടനാടിനെ പോലെ തന്നെ സമുദ്രനിരപ്പില്‍ നിന്നു താഴെയുള്ള പ്രദേശമാണ് നെതര്‍ലാന്‍ഡ്‌സ്. ഇതിനോടകം തന്നെ ഇന്ത്യയിലെ നെതര്‍ലാന്‍ഡ്‌സ് അംബാസിഡറുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടു കഴിഞ്ഞു.
നെതര്‍ലാന്‍ഡ്‌സിലെ അംബാസിഡറും മലയാളിയുമായ വേണുരാജാമണിയുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇനി കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഇടപെടല്‍ കൂടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."