ലോകകപ്പ് വിളിയെത്തി, വിശ്വസിക്കാനാവാതെ അഗര്‍വാള്‍
ന്യൂഡല്‍ഹി: മായങ്ക് അഗര്‍വാള്‍ ഇപ്പോഴും സ്വപ്നലോകത്തായിരിക്കാം ജീവിക്കുന്നത്. ഒരൊറ്റ അന്താരാഷ്ട്ര ഏകദിനത്തില്‍ പോലും ഇന്ത്യക്ക് വേണ്ടി അരങ്ങേറാതെ ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തുക. അതും മികച്ച ഒരുപിടി താരങ്ങളെ മറികടന്ന്.
അഗര്‍വാളിന് ഒരുപക്ഷേ ഇത് ഉള്‍കൊള്ളാന്‍ പോലും കഴിഞ്ഞിട്ടുണ്ടാവില്ല. പരുക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായാണ് മായങ്ക് അഗര്‍വാളിനെ ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക് വിളിച്ചത്. ഏതായാലും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ഈ തീരുമാനം സ്വാഗതാര്‍ഹമാണ്. പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ കാലില്‍ ഇടിച്ചുണ്ടായ പരുക്കാണ് ശങ്കറിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. മൂന്ന് ആഴ്ചത്തെ വിശ്രമമാണു ശങ്കറിനു നിര്‍ദേശിച്ചിരിക്കുന്നത്.
ബാറ്റിങ്ങിവും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങാനാകുന്ന ത്രീ ഡയമെന്‍ഷനല്‍ താരമെന്ന് പറഞ്ഞ് ടീമിലെത്തിയ വിജയ് ശങ്കറിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ലോകകപ്പില്‍ മൂന്ന് ഇന്നിങ്സുകളിലാണ് ആകെ കളിച്ചത്. പാകിസ്താനെതിരേ പുറത്താകാതെ 15 റണ്‍സ് നേടിയെങ്കിലും സ്ട്രൈക്ക് റേറ്റ് മോശമായി. അഫ്ഗാനിസ്ഥാനെതിരേയും (29) വെസ്റ്റ് ഇന്‍ഡീസിനെതിരെയും (14) ബാറ്റിങില്‍ പരാജയപ്പെട്ടു. വിജയ് ശങ്കറിനെ ലോകകപ്പിനുള്ള 15 അംഗ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയ ബി.സി.സി.ഐയുടെ തീരുമാനം നേരത്തെ തന്നെ വ്യാപക വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
പകരക്കാരുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അമ്പാട്ടി റായുഡുവിനെ തഴഞ്ഞാണ് ബി.സി.സി.ഐ അഗര്‍വാളിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചത്.
കഴിഞ്ഞ വര്‍ഷം ആസ്ത്രേലിയക്കെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ അഗര്‍വാള്‍ അന്ന് നടത്തിയ മിന്നും പ്രകടനമാവാം ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിയിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ വിശ്വസ്ത ബാറ്റ്സ്മാനാണ് അഗര്‍വാള്‍. ഐ.പി.എല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ താരമാണ്.
2018 സെപ്റ്റംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിള്‍ അഗര്‍വാളിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്ത്യക്ക് വേണ്ടി അരങ്ങേറാന്‍ കഴിഞ്ഞിരുന്നില്ല.
യുവതാരം പൃഥി ഷാ പരുക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായായിരുന്നു അഗര്‍വാള്‍ ഇന്ത്യന്‍ ടീമിലെത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ 76 റണ്‍സെടുത്ത് താരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ടെസ്റ്റ് ക്രിക്കറ്റില്‍ ആസ്ത്രേലിയയില്‍ ഒരു ഇന്ത്യന്‍ അരങ്ങേറ്റ താരം കുറിച്ച ഏറ്റവും ഉയര്‍ന്ന റണ്‍സായിരുന്നു ഇത്. 1947ല്‍ ദട്ടു പദ്കര്‍ കുറിച്ച 56 റണ്‍സെന്ന റെക്കോര്‍ഡാണ് അഗര്‍വാള്‍ തന്റെ പേരിലേക്ക് എഴുതിച്ചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."