വാടക കാറുകള്‍ക്ക് നിയന്ത്രണം
പയ്യന്നൂര്‍: കാറുകള്‍ വാടകയ്ക്ക് നല്‍കുന്നതിനും ഉപയോഗിക്കുന്നതിനും ജില്ലയില്‍ കര്‍ശന നിയന്ത്രണം. ഇതുസംബന്ധിച്ച് ജില്ലാ പൊലിസ് മേധാവി സ്റ്റേഷനുകളിലേക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ കൊലപാതക കേസുകളിലെ പ്രതികള്‍ ഉപയോഗിക്കുന്നത് വാടകയ്‌ക്കെടുത്ത കാറുകളാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഇന്നോവ ഉള്‍പ്പടെയുള്ള വലിയ കാറുകള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ വാങ്ങുന്നവരുടെ പേര്, മേല്‍വിലാസം എന്നിവ അതത് പൊലിസ് സ്റ്റേഷനില്‍ നല്‍കണം. മുന്‍കൂട്ടി ഇക്കാര്യങ്ങള്‍ പൊലിസിനെ അറിയിച്ച് അനുവാദം വാങ്ങണം. അതോടൊപ്പം വാഹന പരിശോധന കര്‍ശനമാക്കാനും വാടക കാറുകള്‍ കണ്ടെത്തിയാല്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഏറ്റവും ഒടുവിലത്തെ ഇരയായ പയ്യന്നൂര്‍ പാലക്കോട് ആര്‍.എസ്.എസ് നേതാവ് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിലും പ്രതികള്‍ ഉപയോഗിച്ചത് വാടക കാറായിരുന്നു. സമാനമായ സംഭവങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ബിജുവിന്റെ നീക്കങ്ങള്‍ മനസിലാക്കാന്‍ ഒരു മാസത്തോളം പ്രതികള്‍ വാടകയ്‌ക്കെടുത്ത ഇന്നോവ കാറിലും ബൈക്കിലും സഞ്ചരിച്ചതായി അന്യേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാറുകള്‍ വാടകക്ക് നല്‍കുമ്പോള്‍ വ്യക്തമായ നിര്‍ദേശം പാലിക്കണമെന്ന് എസ്.പി അറിയിച്ചത്.
മികച്ച വരുമാനം എന്ന നിലയില്‍ ജില്ലയില്‍ കാറുകള്‍, ബൈക്കുകള്‍ എന്നിവ വാടകയ്ക്ക് നല്‍കുന്നത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് വ്യാപക തോതില്‍ ഉപയോഗിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
കൊലയാളികളുടെ സ്വന്തം വണ്ടി
ഇന്നോവ എന്ന 'ഭീകരന്‍'
കണ്ണൂര്‍: കേരളത്തെ നടുക്കിയ ടി.പി ചന്ദ്രശേഖരന്‍ വധം നടത്തിയവരെത്തിയ വാഹനം ഇന്നോവയെന്ന വലിയ കാറായിരുന്നു. ടി.പി സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചുവീഴ്ത്തിയതിനു ശേഷമായിരുന്നു മുഖത്തും കഴുത്തിനും വെട്ടിയത്. ഇന്നോവയില്‍ നിന്നു ചാടിയിറങ്ങിയ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ്, അനൂപ് തുടങ്ങിയ സി.പി.എം പ്രവര്‍ത്തകരാണ് കൃത്യം നടത്തിയത്. ഇതിനുസമാനമായി കണ്ണൂരില്‍ ടി.പിക്കു മുന്‍പും ഒട്ടേറെ കൊലകള്‍ നടന്നു. ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും ക്വട്ടേഷന്‍ സംഘങ്ങള്‍ ഇന്നോവയില്‍ വിഹരിച്ചു എതിരാളികളെ അരിഞ്ഞുവീഴ്ത്തി. നാദാപുരത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ നൗഫലിനെ ഇന്നോവ കാര്‍ ബൈക്കിലിടിപ്പിച്ചു മുഖത്തും കഴുത്തിനും വാളുകൊണ്ടു വെട്ടിക്കൊന്നു. ഏറ്റവും ഒടുവില്‍ പയ്യന്നൂര്‍ രാമന്തളിയിലെ ചൂരിക്കാട്ട് ബിജുവിനെയും കൊന്നതു ഇതിനു സമാനമായ രീതിയില്‍ തന്നെ. മംഗളൂരുവില്‍ നിന്നു പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങി നാട്ടിലേക്കു സുഹൃത്തിനൊപ്പം ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ വഴിമധ്യേ ഇന്നോവ കാറില്‍ വന്ന അക്രമികള്‍ ഇടിച്ചു തെറിപ്പിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. ചുരുങ്ങിയത് ഏഴുപേരെ ഉള്‍ക്കൊള്ളുന്നതാണ് ഇന്നോവ കാര്‍. ഇതിന്റെ നീളമുള്ള ബോണറ്റ് കൊണ്ടു ബൈക്കുകളില്‍ സഞ്ചരിക്കുന്ന ഇരകളെ ഇടിച്ചുതെറിപ്പിക്കാന്‍ എളുപ്പത്തില്‍ കഴിയും. മാത്രമല്ല പുറകില്‍ ആയുധങ്ങള്‍ ശേഖരിക്കാന്‍ വിപുലമായ സൗകര്യവുമുണ്ട്. ഇന്നോവയില്‍ സഞ്ചരിക്കുന്നവരെ തിരിച്ചറിയാന്‍ പൊലിസിനോ മറ്റുള്ളവര്‍ക്കോ കഴിയാറില്ല. അതിവേഗതയില്‍ ഇടറോഡുകളില്‍കൂടി വരെ കുതിച്ചു പായാനുള്ള ശേഷിയും വാടകയ്ക്കു എളുപ്പത്തില്‍ ലഭിക്കുമെന്നുള്ളതും ഇന്നോവയെ രാഷ്ട്രീയ കൊലയാളികള്‍ക്ക് പ്രിയങ്കരമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."