വിതരണം ചെയ്തത് ഉപാധികളുള്ള പട്ടയമെന്ന് യു.ഡി.എഫ്
തൊടുപുഴ: ഉപാധിരഹിത പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് വീമ്പു പറഞ്ഞ പിണറായി സര്‍ക്കാര്‍ കട്ടപ്പനയില്‍ വിതരണം ചെയ്തത് പത്ത് ഉപാധികളുള്ള പട്ടയങ്ങളാണെന്ന് യു.ഡി.എഫ്. ആദ്യം പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞു. പിന്നീടത് 5000 പേര്‍ക്ക് പട്ടയം കൊടുക്കുമെന്നാക്കി. എന്നാല്‍ വിതരണം ചെയ്തത് ആകെ 3,400 പട്ടയങ്ങള്‍ മാത്രം. എല്ലാം വനഭൂമിക്ക് പട്ടയം നല്‍കുന്ന 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഉള്ളവയാണ്. 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ആര്‍ക്കും പട്ടയം നല്‍കിയില്ല. സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം നല്‍കുന്നത് 1964ലെ ചട്ടങ്ങള്‍ പ്രകാരമാണ്. അതിന്റെ അര്‍ത്ഥം സര്‍ക്കാര്‍ ഭൂമിയിലെ ഒരു കൈവശക്കാരനും പട്ടയം നല്‍കുകയില്ലെന്നാണ്.യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത പട്ടയങ്ങളുടെ അതേ ഫോര്‍മാറ്റില്‍ അതേ ഉപാധികളോടെ തന്നെ പട്ടയം നല്‍കി ഉപാധി രഹിത പട്ടയങ്ങള്‍ക്കായി കാത്തിരിക്കുന്ന ജനങ്ങളെ ആകെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്.
ഭൂമി പതിവ് ചട്ടങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്ത് ഉപാധികളില്ലാതെ പട്ടയങ്ങള്‍ കിട്ടണമെന്ന ജനങ്ങളുടെ കാത്തിരിപ്പിന് ഇനിയും അവസാനമായിട്ടില്ല. പട്ടയങ്ങള്‍ കൈമാറ്റം ചെയ്യരുതെന്ന പഴയ പട്ടയങ്ങളിലെ വ്യവസ്ഥ ഭേദഗതി ചെയ്ത് പട്ടയങ്ങള്‍ കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥ കൊണ്ടു വന്നത് യുഡിഎഫാണ്. ഒരു ഉപാധിയും ഇടതുമുന്നണി സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ലെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ എസ്. അശോകനും കണ്‍വീനര്‍ ടി.എം സലിമും പ്രസ്താവനയില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."