ജര്‍മന്‍ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത, കേരളത്തിലെ ആത്മീയ കേന്ദ്രങ്ങളില്‍ പൊലിസ് പരിശോധന
തിരുവനന്തപുരം: രണ്ടു മക്കളുടെ മാതാവായ ജര്‍മന്‍ യുവതിയുടെ തിരോധാനത്തില്‍ സഹായം തേടി രാജ്യത്തെ പൊലിസ് മേധാവിമാര്‍ക്ക് സംസ്ഥാന പൊലിസ് മേധാവി കത്തയച്ചു.
മാര്‍ച്ച് ആറിന് സീഡനില്‍ നിന്ന് യാത്രതിരിച്ച ലിസ വെയ്‌സ്(31) തിരുവനന്തപുരം വിമാനത്താവളത്തില്‍ മാര്‍ച്ച് ഏഴിന് ഇറങ്ങിയെന്നാണ് വിവരം. മൂന്ന് മാസത്തെ സന്ദര്‍ശകവിസയിലാണ് ഇന്‍ഡിഗോ വിമാനത്തില്‍ ലിസയെത്തിയത്. 2011ല്‍ ഇസ്‌ലാം മതം സ്വീകരിച്ച ലിസ പിന്നീട് തിരികെ മടങ്ങാനുള്ള ശ്രമത്തിലായിരുന്നുവെന്നും അതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് വന്നതെന്നും മാതാവിന്റെ പരാതിയിലുണ്ട്.
യു.കെ സ്വദേശിയായ മുഹമ്മദലിയും വിമാനയാത്രയില്‍ കൂടെയുണ്ടായിരുന്നു. ഇയാള്‍ മുഹമ്മദാലി ഒരാഴ്ചക്കുശേഷം ദുബൈയിലേക്കു മടങ്ങിയതിന്റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
സന്ദര്‍ശിക്കുന്ന സ്ഥലത്തെക്കുറിച്ച് എയര്‍പോര്‍ട്ടില്‍ പൂരിപ്പിച്ചുനല്‍കേണ്ട ഫോമില്‍ കൊല്ലത്തുള്ള അമൃതപുരിയുടെ പേര് കൃത്യമായി എഴുതിയിട്ടുണ്ട്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്നും ലഭ്യമായിട്ടില്ല.
ഇവരെ കണ്ടെത്താന്‍ കേരളത്തിലെ മതപാഠശാലകളിലും ആത്മീയ കേന്ദ്രങ്ങളിലും പൊലിസ് പരിശോധന തുടരുകയാണ്. ഇവര്‍ കോവളത്ത് എത്തിയിരുന്നു എന്നാണ് വിവരം. എയര്‍പോര്‍ട്ടില്‍ നിന്ന് കോവളത്തേക്കു കൊണ്ടുപോയ ടാക്‌സി ഡ്രൈവറെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
നാലു മാസത്തിലേറെയായി ലിസയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് കാതറീന്‍ വെയ്‌സാണ് ജര്‍മന്‍ പൊലിസില്‍ പരാതി നല്‍കിയത്. ജര്‍മന്‍ പൊലിസ് പരാതി ഇന്ത്യന്‍ കൗണ്‍സിലേറ്റിനു കൈമാറുകയായിരുന്നു.
ഇന്ത്യയിലെത്തിയശേഷം മാതാവിനെ ലിസ വിളിച്ചിരുന്നതായാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. അതിനുശേഷം ഒരുവിവരവുമില്ലെന്നും പറയുന്നു.ഇവരുടെ രണ്ടു കുട്ടികള്‍ അമേരിക്കയിലാണ്. ലിസ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."