കൂടുതല്‍ തെളിവുകള്‍ വരാനിരിക്കുന്നു: രാഹുല്‍
ലഖ്‌നൗ: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കളി കാണാനിരിക്കുന്നതേയുള്ളൂ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ പ്രതിരോധിക്കാനുള്ള തന്ത്രം ബി.ജെ.പി ശക്തമാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ ഇനിയും കളികാണാനുണ്ടെന്ന് വ്യക്തമാക്കിയത്. ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ കുറച്ചു മാത്രമാണ്. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
സ്വന്തം മണ്ഡലമായ അമേത്തിയില്‍ ജില്ലാ തല വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത രണ്ടുമൂന്ന് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ജനങ്ങള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി കാണും. നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഇതോടെ വ്യക്തമാകും. റാഫേല്‍ യുദ്ധവിമാന കരാര്‍, വിജയ് മല്യ, ലളിത് മോദി, നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ കാര്യങ്ങളില്‍ മോദി സ്വീകരിച്ച നിലപാടുകളെല്ലാം വെളിപ്പെടും. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് പറയുന്ന പ്രധാനമന്ത്രി മോദി, കാവല്‍ നിന്ന് രാജ്യത്തെ കൊള്ളയടിക്കുന്നതായുള്ള ഓരോ വിവരങ്ങളും ഘട്ടംഘട്ടമായി പുറത്തുവരും. ഇതെല്ലാം തങ്ങള്‍ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അഴിമതി കുഴിച്ചുമൂടിയ ഒരു കുടുംബത്തിലെ നേതാവില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് കരാറുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ ആരോപണത്തോട് കഴിഞ്ഞ ദിവസം കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ഒരു നേതാവ് നിരുത്തരവാദവും കള്ളങ്ങളുമായ കാര്യങ്ങളാണ് പറയുന്നത്. നാഷനല്‍ ഹെറാള്‍ഡ്, ബോഫോഴ്‌സ് തുടങ്ങിയ അഴിമതി കേസുകളില്‍ ഉള്‍പ്പെടുന്ന ഒരു നേതാവില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവും രാജ്യത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കളികാണാനിരിക്കുന്നതേയുള്ളൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ആരോപണത്തെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പരിഹസിച്ചു. എവിടെയാണ് ഗൂഢാലോചന നടന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."