കാക്കിക്കുള്ളിലിപ്പോള്‍ കവി ഹൃദയങ്ങളില്ല, ക്രിമിനലുകള്‍
കോഴിക്കോട്: ഈ കാക്കിക്കുള്ളില്‍ ഒരു കലാകാരനുണ്ട്. കവിയുണ്ട്. ഗായകനുണ്ട്. സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നതുപോലെയല്ല കാര്യങ്ങളിപ്പോള്‍. കാക്കിക്കുള്ളില്‍ കുറ്റവാളികളുമുണ്ട് എന്നുകൂടി തിരുത്തിയിട്ടും കാലമേറെയായി. ഇപ്പോഴതിന്റെ തോതും ഇരട്ടിക്കുകയാണ്. പൊലിസുകാര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. നിലവില്‍ സംസ്ഥാന പൊലിസിലെ 748 സേനാംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സംസ്ഥാന പൊലിസില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നുവെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് ഈ കണക്കുകള്‍.
ഐ. പി. എസ്. ഉദ്യോഗസ്ഥരടക്കമുള്ള പൊലിസ് സേനാംഗങ്ങളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരും പോക്‌സോ കേസുകളില്‍ പ്രതിയായാവരും നിരവധിയാണ്. പോക്‌സോ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എട്ട് പേരാണ്. വിജിലന്‍സ് അന്വേഷണം നേരിടുന്നത്19 പേരും. അതില്‍ രണ്ടുപേര്‍ ഐ.പി.എസ് പദവിയിലുള്ളവരാണ്. 15 പൊലിസ് ഉദ്യോഗസ്ഥര്‍ സി. ബി.ഐ അന്വേഷണവും നേരിടുന്നുണ്ട്.
അതോടൊപ്പം വിവിധ കേസുകളില്‍ വകുപ്പുതല അന്വേഷണം നേരിടുന്നത് 896ഓളം പേരാണ്. ഇതില്‍ നാലുപേര്‍ ഐ.പി. എസ് പദവിയിലുള്ളവരും. ഇവയ്ക്ക് പുറമെ 113പേര്‍ സസ്‌പെന്‍ഷനില്‍ കഴിയുകയാണ്. ഇതില്‍ ഒരു ഉന്നത ഉദ്യോഗസ്ഥനും പെടുന്നു. സിവില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ എണ്ണമെടുത്താല്‍ കണക്കുകള്‍ ഇനിയും വര്‍ധിക്കും.
കോടതികളുടെ ശിക്ഷയ്ക്ക് വിധേയരായവര്‍ ആരും തന്നെയില്ലെന്നതാണ് മറ്റൊരു വസ്തുത. കേരള പൊലിസ് സേനയുടെ അംഗീകൃത അംഗബലം ഐ.പി. എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 49918 ആണ്. ഇതില്‍ 4252 തസ്തികകള്‍ വനിതകള്‍ക്കായി നീക്കിവെച്ചിട്ടുമുണ്ട്.
ആകെ സേനയുടെ 8.25ശതമാനമാണ് ഇത്. നിലവില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആകെ 4276 വനികള്‍ പൊലിസ് സേനയില്‍ ഉള്‍പ്പെടുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തേണ്ട പൊലിസ് സേനാംഗങ്ങളില്‍ അഴിമതിയും ക്രിമിനല്‍ സ്വഭാവവും ഉണ്ടാവുന്നത് ആശങ്കയുളവാക്കുന്നതാണ്. ഒരുകൂട്ടം ആളുകള്‍ ചെയ്യുന്ന തെറ്റിന്റെ പേരില്‍ പൊലിസ് സേന മുഴുവന്‍ കളങ്കിതരാകുന്നത് അങ്ങേയറ്റം അപമാനകരമാണ്.
പൊലിസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളില്‍ നിന്നും പണമോ പാരിതോഷികമോ കൈപ്പറ്റുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷണം നടത്തി വരുന്നുണ്ട്. അത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്തായാലും കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ക്ക് ഒരു മാറ്റവും ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."