വനിതാ പൊലിസ് ബറ്റാലിയന് യാഥാര്‍ഥ്യത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലിസ് ബറ്റാലിയന് യാഥാര്‍ഥ്യമാകുന്നു. പൊലിസ് സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയും സ്ത്രീ സുരക്ഷ കൂടുതല്‍ ഫലപ്രദമാക്കുകയും ലക്ഷ്യമിട്ടാണ് വനിതാ ബറ്റാലിയന് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വനിതാ ബറ്റാലിയന് രൂപീകരിക്കുന്നതെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരത്താണ് നിര്‍ദ്ദിഷ്ട ബറ്റാലിയന്റെ ആസ്ഥാനം. എസ്.പി റാങ്കിലുള്ള ആര്. നിശാന്തിനിയെ കമാണ്ടന്റായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്ത് താല്‍ക്കാലിക ഓഫിസും ആരംഭിച്ചു.
കമാണ്ടന്റിന്റെ നേതൃത്വത്തില്‍ 20 വനിതാ ഹവീല്‍ദാര്‍മാര്‍, 380 വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു ആര്‍മര്‍ എസ്.ഐ, 10 ടെക്നിക്കല്‍ സ്റ്റാഫ് എന്നിവരും പ്രവര്‍ത്തിക്കും. ഇതിനുപുറമേ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, കാഷ്യര്‍ സ്റ്റോര്‍ അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തര് വീതവും എട്ട് ക്ലര്‍ക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫിസ് അസിസ്റ്റന്റ്, 20 ക്യാംപ് ഫോളോവര്‍മാര്‍ എന്നിവരും ബറ്റാലിയനില്‍ ഉണ്ടാകും.
ഇതിനായുള്ള 451 തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചുകഴിഞ്ഞു. 380 വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളില്‍ 330 പേര്‍ക്ക് നിലവിലുള്ള ഏഴ് ബറ്റാലിയന് റാങ്ക് ലിസ്റ്റുകളില്‍ നിന്ന് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിക്കഴിഞ്ഞു. ഇവര്‍ക്കുള്ള പരിശീലനം മെഡിക്കല്‍ പരിശോധന, പൊലിസ് വെരിഫിക്കേഷന് എന്നിവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആരംഭിക്കും. ഒന്‍പതു മാസത്തെ പരിശീലനമാണ് നല്‍കുക.
ഇതില്‍ 30 വനിതാ പൊലിസുകാര്‍ക്ക് ഇന്ത്യാ റിസര്‍വ് ബറ്റാലിയന് മാതൃകയില്‍ പരിശീലനം നല്‍കും. ഈ കമാന്റോ യൂനിറ്റ് നഗര-ഗ്രാമ പ്രദേശങ്ങളില്‍ ഒരുപോലെ പ്രവര്‍ത്തിക്കും. പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ പിങ്ക് ബീറ്റ്, പിങ്ക് പട്രോള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളും വനിതാ ബറ്റാലിയന്റെ നേതൃത്വത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."