രാഷ്ട്രപതി: എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സര്‍വസമ്മതനായ സ്ഥാനാര്‍ഥിയെ എന്‍.ഡി.എക്ക് ഇനിയും കണ്ടെത്താനായില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. എന്നാല്‍, ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് മുന്നണിയുടെ സ്ഥാനാര്‍ഥിയാകില്ലെന്ന് അമിത് ഷാ അറിയിച്ചു.
ഒരു ദേശീയ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. മുന്നണിയുടെ സംയുക്ത സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ആലോചനകള്‍ നടന്നുവരികയാണ്. തന്റെ മനസില്‍ ഒരാളുണ്ടെങ്കിലും അത് പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്ന ശിവസേനയുടെ അപേക്ഷ പാര്‍ട്ടി തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കശ്മിരിനെ കുറിച്ച് ഏറെ ആശങ്കപ്പെടാനില്ല. കശ്മിരിനെ കുറിച്ച് പുറത്തുവരുന്ന കാര്യങ്ങളും അവിടത്തെ യാഥാര്‍ഥ്യങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. നാല് ജില്ലകളില്‍ മാത്രമാണ് പ്രശ്നം നിലനില്‍ക്കുന്നത്. അത് ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണവിധേയമാക്കും-അമിത് ഷാ പറഞ്ഞു.
നടന് രജനീകാന്ത് ബി.ജെ.പിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും എല്ലാ നല്ല ആളുകളെയും പാര്‍ട്ടി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."