അശാസ്ത്രീയമായ സമയക്രമം: ഡി.ആര്‍.എം ഹാജരാകണമെന്ന്
തിരുവനന്തപുരം: കൊല്ലം, നെയ്യാറ്റിന്‍കര ഭാഗങ്ങളില്‍ നിന്ന് തിരുവനന്തപുരത്തെത്തി ജോലിചെയ്യുന്നവരുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ള തീവണ്ടികളുടെ അശാസ്ത്രീമായ സമയക്രമത്തെ കുറിച്ച് ഡിവിഷനല്‍ റയില്‍വേ മാനേജര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ഡി.ആര്‍.എം നേരിട്ട് ഹാജരാകുന്നതിനു പുറമേ ദക്ഷിണ റയില്‍വേ (ചെന്നൈ) ജനറല്‍ മാനേജര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 4ന് കൊല്ലത്ത് നടക്കുന്ന സിറ്റിങിലാണ് ഡിവിഷനല്‍ റയില്‍വേ മാനേജര്‍ ഹാജരാകേണ്ടത്.
ഇന്റര്‍സിറ്റി, വഞ്ചിനാട്, കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ തുടങ്ങിയ തീവണ്ടികള്‍ മണിക്കൂറുകള്‍ വൈകിയാണ് തിരുവനന്തപുരത്തെത്തുന്നതെന്ന് മണ്‍ട്രോതുരുത്ത് സ്വദേശി ഡി. സജീവ് നല്‍കിയ പരാതിയില്‍ പറയുന്നു.
കൊല്ലത്തു നിന്നും തിരുവനന്തപുരത്തെത്താന്‍ ഒരു മണിക്കൂര്‍ 10 മിനിറ്റ് മതിയായിരിക്കെ 2.35 മണിക്കൂറാണ് എടുക്കുന്നത്.
സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് ഏര്‍പ്പെടുത്തിയതോടെ തീവണ്ടിയില്‍ സഞ്ചരിക്കുന്ന സര്‍ക്കാര്‍ ജീവക്കാര്‍ക്ക് ഭൂരിപക്ഷം ദിവസങ്ങളിലും അവധിയെടുക്കേണ്ടി വരുന്നു. വൈകിയെത്തുന്ന സമയമാണ് ഇപ്പോള്‍ തീവണ്ടികള്‍ എത്തേണ്ട സമയമായി നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 7.45 ന് കൊല്ലത്തെത്തുന്ന പുനലൂര്‍ പാസഞ്ചര്‍ തിരുവനന്തപുരത്തെത്തുന്നത് 9.25 നാണ്.
എന്നാല്‍ 7.05ന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന മലബാര്‍ എക്‌സ്പ്രസ് 9.45ന് തിരുവനന്തപുരത്ത് എത്തും. മലബാര്‍ കൃത്യസമയത്ത് വരികയാണെങ്കില്‍ അത് പിടിച്ചിട്ട ശേഷം പാസഞ്ചര്‍ തീവണ്ടിയായ പുനലൂര്‍- കന്യാകുമാരിയെ കടത്തിവിടും.
തിരുവനന്തപുരത്ത് പുലര്‍ച്ചെ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടികളുടെ ബോഗികള്‍ മാറ്റിയിടാന്‍ സ്ഥലമില്ലാത്തതാണ് തീവണ്ടികള്‍ വൈകിയോടാന്‍ കാരണമെന്ന് റയില്‍വെ പറയുന്നതായി പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."