അതിസുരക്ഷാ ജയിലില്‍ പാര്‍പ്പിക്കുക 55 കൊടും കുറ്റവാളികളെ
തൃശൂര്‍: വിയ്യൂരില്‍ നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ അതീവ സുരക്ഷാ ജയിലില്‍ കുറ്റവാളികളെ പ്രവേശിപ്പിച്ചു തുടങ്ങി.
ഭീകരവാദവും രാജ്യദ്രോഹ കുറ്റവും ചുമത്തപ്പെട്ടു തടവില്‍ കഴിയുന്ന സംസ്ഥാനത്തെ 55 പേരെയാണ് ഇവിടേക്കു മാറ്റുകയെന്ന് ജയില്‍ ഡി.ജി.പി.ഋഷിരാജ് സിങ് പറഞ്ഞു.
വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ആദ്യ അന്തേവാസിയായി കൊലപാതകക്കുറ്റത്തില്‍ ജീവപര്യന്തം തടവുകാരനായ അജിത് കുമാറിനെ പ്രവേശിപ്പിച്ചു. അന്തേവാസികളുടെ രജിസ്റ്ററില്‍ ഡി.ജി.പി യാണ് ആദ്യത്തെ പേര് എഴുതിച്ചേര്‍ത്തത്. 300 പേജുള്ള പുസ്തകത്തില്‍ പരമ്പരാഗത രീതിയിലായിരുന്നു പേര് ചേര്‍ക്കല്‍.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണെങ്കിലും പുതിയ തടവുകാരനായെത്തുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പുതിയ ജയിലിലേക്ക് മാറ്റിയത്.
സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ നാലാമത്തേതുമാണ് വിയ്യൂരിലെ അതിസുരക്ഷാ ജയില്‍.
കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം എന്നീ സെന്‍ട്രല്‍ ജയിലുകളിലെ 55 പേരെ ഇവിടേക്കു മാറ്റും. ഏറ്റവും കൂടുതല്‍ പേര് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ്. ഏറ്റവും കുറവു തിരുവനന്തപുരത്തു നിന്നും.
ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ജയില്‍ മന്ദിരം. അന്തേവാസികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്.
മുറിയുടെ ഭാഗമായി കുളിമുറിയുണ്ട്. ഓരോ മുറിയിലും സി.സി.ടി.വി.യുമുണ്ട്. കട്ടിലും നല്‍കിയിട്ടുണ്ട്.
ഇവിടുത്തെ അന്തേവാസികളെയെല്ലാം തന്നെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും കോടതി മുമ്പാകെ ഹാജരാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."