ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തല്‍; നടപടികള്‍ അധികൃതരുടെ അനാസ്ഥയില്‍ വൈകുന്നു
കൊല്ലം: ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്താനുള്ള നടപടി വൈകുന്നതില്‍ അധികൃതരുടെ അനാസ്ഥ.
ആരോഗ്യവകുപ്പിന്റെ നിലപാടാണ് പദ്ധതിക്ക് പ്രതിസന്ധി. സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്കാശുപത്രി, ജില്ലാ ആശുപത്രി എന്നിങ്ങനെ നാല് തലത്തിലുള്ള ആശുപത്രികള്‍ മതിയെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിലപാട്. ഇത് തിരിച്ചടിയാകുന്നത് കൊല്ലം, ഇടുക്കി ജില്ലകള്‍ക്കാണ്.
കൊല്ലം കൂടാതെ ഇടുക്കിയില്‍ മാത്രമാണ് ജനറല്‍ ആശുപത്രി ഇല്ലാത്തത്. കൊല്ലം കോര്‍പ്പറേഷന്‍ നഗരമാണെന്ന പരിഗണനയും ലഭിക്കുന്നില്ല. അതേസമയം ജനറല്‍ ആശുപത്രി ഇല്ലാത്ത ജില്ലകളിലെ ജില്ലാ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും തീരുമാനം ഉണ്ടെങ്കിലും കൊല്ലം ജില്ലാ ആശുപത്രിക്ക് അതിന്റെ പ്രയോജനവും ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
ആശുപത്രിയില്‍ നിലവില്‍ 537 കിടക്കകളാണുള്ളത്. ഇത് 750 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ ആശുപത്രി സൂപ്രണ്ടുമാര്‍ ആരോഗ്യവകുപ്പിന് കത്ത് നല്‍കിയിരുന്നെങ്കിലും അതും അംഗീകരിച്ചില്ല. 600 കിടക്കകളെങ്കിലും ആക്കണമെന്നാവശ്യപ്പെട്ടിട്ട് അതും നടപ്പായില്ലെന്ന് മുന്‍ സൂപ്രണ്ടും ഇപ്പോള്‍ ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ. സി.ആര്‍. ജയശങ്കര്‍ പറഞ്ഞു. ഇതുവരെ ഒരു കിടക്ക പോലും വര്‍ധിപ്പിച്ചിട്ടില്ല. ജില്ലാ ആശുപത്രി എന്ന നിലയിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കാമെങ്കിലും അതിനും നടപടിയില്ല.
കൊല്ലം ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്താന്‍ ഒരു നടപടിയും ഇല്ലാത്തപ്പോള്‍ മറ്റ് ജില്ലകളില്‍ ഒന്നിലേറെ ജനറല്‍ ആശുപത്രികളുണ്ട്.
കോട്ടയം ജില്ലയില്‍ നാല് ജനറല്‍ ആശുപത്രികളാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 2 വീതമാണുള്ളത്. ജനസംഖ്യാ ആനുപാതികമായി നോക്കിയാലും കൊല്ലം ജില്ലയില്‍ സര്‍ക്കാരാശുപത്രികളിലെ കിടക്കകളുടെ എണ്ണം കുറവാണ്. തിരുവനന്തപുരം ജനറലാശുപത്രിയില്‍ 1183 കിടക്കകളാണുള്ളത്. കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ അതിന് ആനുപാതികമായി ഡോക്ടര്‍മാരുടെ എണ്ണത്തിലടക്കം വര്‍ധനവുണ്ടാകും.
ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തുന്ന കാര്യത്തില്‍ ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും താല്‍പര്യമില്ലെന്നതാണ് ശ്രദ്ധേയം. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താതെ ഇത്തരം കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകാന്‍ ബുദ്ധിമുട്ടാണെന്നതാണ് ചരിത്രം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന വി.എസ് ശിവകുമാര്‍ ജനറല്‍ ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. പുതിയ സര്‍ക്കാര്‍ വന്നതോടെ യു.ഡി.എഫുകാര്‍ക്കും മിണ്ടാട്ടമില്ലാതായി. എല്‍.ഡി.എഫിനാകട്ടെ ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യവുമില്ല. എല്‍.ഡി.എഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആശുപത്രി.
അടുത്തിടെ കോടികള്‍ ചെലവഴിച്ച് ആശുപത്രിയില്‍ എം.ആര്‍.ഐ സ്‌കാന്‍ അടക്കം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കീമോതെറാപ്പി യൂനിറ്റിന് പശ്ചാത്തല സൗകര്യവും ഒരുക്കി. കൂടാതെ പുതിയ കെട്ടിടം നിര്‍മിക്കുകയും രണ്ട് ഡയാലിസിസ് യൂനിറ്റുകള്‍ ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിയന്ത്രണം കൈവിടാന്‍ ജില്ലാ പഞ്ചായത്തിന് താല്‍പര്യമില്ലെന്നത് സ്വാഭാവികം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."