പൊതുപണിമുടക്ക് ഹര്‍ത്താലായി; കേരളം നിശ്ചലമായി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറി. സംസ്ഥാനത്താകെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
പൊതുഗതാഗത സര്‍വിസുകളും നിശ്ചലമായിരുന്നു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഇന്നലെ അര്‍ധരാത്രി വരെയായിരുന്നു പണിമുടക്ക്. പത്തു ദേശീയ സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കില്‍ അണിചേര്‍ന്നു.
ഐ.ടി മേഖലയുടെ കൂടി പിന്തുണയോടെയായിരുന്നു പണിമുടക്ക്. മിക്കവരും വര്‍ക് ഫ്രം ഹോം സംവിധാനത്തിലായതിനാല്‍ ഐ.ടി മേഖലയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കാളിയായതോടെ സംസ്ഥാനത്തെ ബാങ്കിങ് മേഖലയും പൂര്‍ണമായും സ്തംഭിച്ചു. കൊച്ചിയില്‍ സെസ് മേഖലയിലടക്കം ജീവനക്കാരുടെ എണ്ണം കുറഞ്ഞു. എവിടെയും വാഹനങ്ങള്‍ തടയുകയോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി.
പണിമുടക്ക് വന്‍വിജയമാണെന്ന് യൂണിയന്‍ നേതാക്കള്‍ അവകാശപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. 4,800ലേറെ ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ഇന്നലെ ജോലിക്കെത്തിയത് 17 പേര്‍ മാത്രമാണ്.
ഔദ്യോഗിക വാഹനമുപേക്ഷിച്ച് സ്‌കൂട്ടറിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തലസ്ഥാന നഗരത്തില്‍ നടന്ന സമരപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. രാവിലെ തമ്പാനൂര്‍ ജങ്ഷനില്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ച ശേഷമാണ് റെയില്‍വേ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."