ലൈഫ് പദ്ധതി: നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്ക് സൗജന്യമായി കട്ടകള്‍ നല്‍കും
ആലപ്പുഴ: ലൈഫ് മിഷന് ലൈഫ് നല്‍കുകയാണ് കായംകുളം മണ്ഡലത്തിലെ പത്തിയൂര്‍ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയില്‍ ലൈഫ് പദ്ധതി പ്രകാരം നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്ക് സൗജന്യമായി കട്ട നിര്‍മിച്ചുനല്‍കുകയാണ് പഞ്ചായത്ത് ഭരണ സമിതി.
പാവപ്പെട്ടവരുടെ വീടെന്ന വലിയ സ്വപ്നത്തിന് പഞ്ചായത്ത് നല്‍കുന്ന കുഞ്ഞുസമ്മാനമാണിതെന്ന് പ്രസിഡന്റ് വി. പ്രഭാകരന്‍ പറയുന്നു. പൊതുവിപണിയില്‍ ഒരു കട്ടയ്ക്ക് 15 മുതല്‍ 20 രൂപ വരെയുള്ളപ്പോള്‍ അത് സൗജന്യമായി നിര്‍മിച്ചു നല്‍കാനൊരുങ്ങുകയാണ് പഞ്ചായത്ത.് ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതി പ്രകാരമാണ് വീടുകള്‍ക്കാവശ്യമുള്ള കട്ടകള്‍ പഞ്ചായത്ത് നിര്‍മ്മിക്കുന്നത്. ഈ പദ്ധതി പ്രകാരം 1500 കട്ടകളാണ് ഒരു വീട്ടിലേക്ക് നിര്‍മാണാവശ്യത്തിനായി നല്‍കുന്നത്.
160 ഓളം കുടുംബത്തിനാണ് പഞ്ചായത്ത് ഇത്തരത്തില്‍ കട്ട നിര്‍മിച്ചുനല്‍കുന്നത്. ആദ്യ നിര്‍മാണ യൂനിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
വീടുപണിയാനുള്ള കട്ട നല്‍കുന്നതിനോടൊപ്പം ഇതുവഴി പഞ്ചായത്തിലെ തൊഴില്‍ രഹിതര്‍ക്ക് കട്ട നിര്‍മാണം തൊഴില്‍ മാര്‍ഗവുമാക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. കട്ടകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തില്‍ അഞ്ച് കട്ട നിര്‍മാണ യൂനിറ്റുകള്‍ കൂടി വരും ദിവസങ്ങളില്‍ ആരംഭിക്കും.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 90 തൊഴില്‍ ദിനം ലഭിക്കുന്ന വിധത്തിലാണ് ഈ നിര്‍മാണ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തില്‍ തനത് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും പഞ്ചായത്ത് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."