കളമശ്ശേരി മെഡി.കോളേജിലെ കൊവിഡ് മരണം: പൊലിസിനും മുഖ്യമന്ത്രിക്കുമെതിരേ കുടുംബം ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ കുടുംബം വീണ്ടും ആരോപണങ്ങളുമായി രംഗത്ത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കുമെന്നും ഹാരിസിന്റെ കുടുംബം വ്യക്തമാക്കി.
കൊവിഡ് ചികിത്സയിലിരിക്കെ ഇവിടെ രോഗികള്‍ മരിച്ചതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലിസും, ആരോഗ്യവകുപ്പും റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് മരിച്ചവരുടെ കുടുംബം കൂട്ടത്തോടെ രംഗത്തെത്തുന്നത്.
രോഗികളുടെ മരണം കൊവിഡ് ആന്തരിക അവയവങ്ങളെ ബാധിച്ചത് കാരണമെന്നാണ് ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാന്‍ കഴിയില്ലെന്നും പൊലിസും പറയുന്നു. ഇത്തരത്തില്‍ പരാതി നല്‍കിയ ഫോര്‍ട്ട് കൊച്ചി സ്വദേശി പി കെ ഹാരിസിന്റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലിസും അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പരാതിയുമായി കുടുംബങ്ങള്‍ രംഗത്തെത്തുന്നത്.
പൊലിസിനെതിരേയും മുഖ്യമന്ത്രിക്കെതിരേയുമാണ് ഇവര്‍ ആരോപണമുന്നയിക്കുന്നത്. പൊലിസ് അന്വേഷണത്തില്‍ കടുത്ത വീഴ്ചയുണ്ട്. പൊലിസിന്റെ അന്വേഷണം മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു. മെഡിക്കല്‍ കോളേജിനെതിരെ തങ്ങള്‍ നല്‍കിയ പരാതി വ്യാജമാണെന്നാണ് മുഖ്യമന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അപ്പോള്‍ പിന്നെ തങ്ങള്‍ക്കെവിടെ നിന്നു നീതികിട്ടുമെന്നും അതുകൊണ്ടാകും അന്വേഷണം ഈ രീതിയില്‍ അവസാനിക്കപ്പെട്ടതെന്നും ഹാരിസിന്റെ കുടുംബം പറയുന്നു.
ജൂലൈ 20നാണ് ഹാരിസ് മരിച്ചത്. പൊലിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ജൂലൈ 24 എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റേതെങ്കിലും ഹാരിസിന്റെ മരണമാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."