പാലാരിവട്ടം മേല്‍പാലം അപകടത്തില്‍; കാര്യമായ മാറ്റം വേണം
തിരുവനന്തപുരം: നിര്‍മാണത്തിലെ അപാകതകള്‍ മൂലം അപകടാവസ്ഥയിലായ പാലാരിവട്ടം മേല്‍പാലത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് മെട്രോമാന് ഇ. ശ്രീധരന്. പാലം നിര്‍മാണത്തിലെ സാങ്കേതിക തകരാറുകള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെ ശ്രീധരന് മുഖ്യമന്ത്രിക്ക് കൈമാറി. പാലത്തിന് ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നും നിലവിലെ അവസ്ഥയില്‍ സഞ്ചാരയോഗ്യമാക്കാനാകില്ലെന്നും പുനരുദ്ധാരണത്തിനു ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാവൂവെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.
അതേസമയം, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇ. ശ്രീധരന് തയാറായില്ല. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തന്നെ പറയട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീധരന്റെ റിപ്പോര്‍ട്ടും മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടും തമ്മില്‍ ഒത്തുനോക്കിയ ശേഷം മാത്രമെ നടപടി സ്വീകരിക്കൂവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് വ്യക്തമാക്കി.
പാലം പൊളിക്കണോ, വേണ്ടയോ രണ്ട് റിപ്പോര്‍ട്ടും ഒത്തുനോക്കി ശ്രീധരനും ഐ.ഐ.ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും മന്ത്രി അറിയിച്ചു. ശ്രീധരന്റെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് തീരുമാനമെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, നിലവിലെ പ്രവൃത്തി തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."