വടകരയില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് തുടക്കം
വടകര: നഗരസഭാ പരിധിയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തിക്ക് തുടക്കമായി. 'മഴയെത്തും മുന്‍പേ' എന്ന പേരില്‍ ആരംഭിച്ച ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കോട്ടപ്പറമ്പില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു.
നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അശോകന്‍ അധ്യക്ഷനായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്‍, ഗോപാലന്‍ മാസ്റ്റര്‍, റീനാ ജയരാജ്, മണലില്‍ മോഹനന്‍, അബ്ദുല്‍ സലാം, ഗിരീഷ് കുമാര്‍ സംസാരിച്ചു. ഇന്നലെ വടകര പഴയ ബസ് സ്റ്റാന്‍ഡ്, ലിങ്ക് റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തി. കൗണ്‍സിലര്‍മാര്‍ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍, തൊഴിലാളികള്‍, ജില്ലാ ആശുപത്രി ജീവനക്കാര്‍, വ്യാപാരികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനീസ് തുടങ്ങിയവര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.
മഴക്കാലത്തിന്റെ മുന്നോടിയായി പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് മഴക്കാലപൂര്‍വ ശുചീകരണ കാംപയിന്‍ 'മഴയെത്തും മുന്‍പേ'യുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചിരുന്നു. വാര്‍ഡുതലത്തില്‍ ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സന്നദ്ധസംഘടനകള്‍, കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, രാഷ്ട്രീയ യുവജന സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 27ന് സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും 31ന് നഗരപരിധിയിലെ മുഴുവന്‍ വീടുകളും പരിസരവും ശുചീകരിച്ച് വൈകിട്ട് ദീപം തെളിയിക്കും. കിണറുകള്‍ ബ്ലീച്ചിങ് പൗഡറിട്ട് ശുദ്ധീകരിക്കുകയും എലി നശീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."