രാഹുല്‍ ഗാന്ധി മാത്രം രാജിവച്ചാല്‍ മതിയോ
വാക്കാണു സത്യമെന്ന തത്വത്തില്‍ ഉറച്ചുനിന്ന് മെയ് 23നു താന്‍ നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജിപ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണു രാഹുല്‍ഗാന്ധി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്തതോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്തു കഴിഞ്ഞമാസംതന്നെ അദ്ദേഹം രാജി പ്രഖ്യാപിച്ചതാണ്. എന്നാല്‍, അനുചരവൃന്ദം കരുതിയത് സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അദ്ദേഹം രാജി പിന്‍വലിക്കുമെന്നും തങ്ങള്‍ക്ക് സ്വന്തം കസേരകളില്‍തന്നെ അള്ളിപ്പിടിച്ചിരിക്കാമെന്നുമായിരുന്നു.
ആ മോഹം നടന്നില്ല. തെരഞ്ഞെടുപ്പു പരാജയത്തില്‍ മറ്റു നേതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നു രാഹുല്‍ രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അവരും സ്ഥാനം രാജിവയ്ക്കണമെന്ന സന്ദേശമാണതില്‍. കോണ്‍ഗ്രസിന്റെ നേതൃനിര അപ്പാടെ മാറണമെന്നാണു രാഹുല്‍ഗാന്ധി സ്വന്തം രാജിയിലൂടെ ആവശ്യപ്പെടുന്നത്. അയഞ്ഞ ഘടനവച്ചു പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷവും രാഹുല്‍ഗാന്ധി ഏകനായാണ് സംഘ്പരിവാര്‍ രാഷ്ട്രീയത്തോടു പൊരുതിയത്. സ്തുതിപാഠകവൃന്ദം ചുറ്റിലും കൂടിയതൊഴിച്ചാല്‍ ആരും രാഹുല്‍ ഇളക്കിമറിച്ച രാഷ്ട്രീയമണ്ണില്‍ വിത്തിറക്കാന്‍ തുനിഞ്ഞില്ല. തണുപ്പില്‍നിന്നു രക്ഷനേടാനുള്ള വൂളന്‍കോട്ടിട്ട് അവര്‍ ചൂളിപ്പിടിച്ചിരുന്നു. രാഹുല്‍ഗാന്ധി അധികാരം തിരിച്ചുപിടിച്ചാല്‍ നല്ല സ്ഥാനങ്ങള്‍ തരപ്പെടുത്തി ആസ്വദിക്കാമെന്നായിരുന്നു മോഹം. അതാണു കോണ്‍ഗ്രസിനു വിനയായത്.
വാജ്‌പേയിയുടെ കാലത്തെ രീതിയല്ല ബി.ജെ.പി കൈക്കൊണ്ടതെന്ന യാഥാര്‍ഥ്യം രാഹുല്‍ തിരിച്ചറിഞ്ഞിരുന്നു. പഴയ നേതൃനിരയെ അപ്പാടെ മാറ്റി. ബി.ജെ.പിക്കു രാഷ്ട്രീയത്തില്‍ മേല്‍വിലാസമുണ്ടാക്കിയ രഥയാത്ര നയിച്ച അദ്വാനിപോലും പടിക്കു പുറത്തായി. പകരം മോദിയുടെ നേതൃത്വത്തില്‍ പുതിയൊരു ടീമിനെ രംഗത്തിറക്കി. ഓരോ സംസ്ഥാനത്തും അടിത്തറപാകി. അതിന് ഓരോ ചുമതലക്കാരനും അക്ഷീണം പ്രവര്‍ത്തിച്ചു.
അതു കോണ്‍ഗ്രസിലുണ്ടായില്ല. രാഹുല്‍ഗാന്ധിയെത്തുന്നിടത്തെല്ലാം ആവേശത്തോടെ ജനമെത്തി. രാഹുല്‍ഗാന്ധി പോയതോടെ അവരും എങ്ങോട്ടോ ഒഴുകിപ്പോയി. അവരുടെ മനസില്‍ കോണ്‍ഗ്രസ് ആവേശം പകരാന്‍ മറ്റു നേതാക്കള്‍ക്കായില്ല. പതിനെട്ടു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അഡ്രസ്സുണ്ടായിരുന്നില്ല.
ഉന്നതമായ രാഷ്ട്രീയമൂല്യങ്ങളും ധാര്‍മികതയും രാഷ്ട്രീയത്തില്‍നിന്നു കുറ്റിയറ്റു പോയിട്ടില്ലെന്നു തെളിയിക്കുന്നതു കൂടിയാണു രാഹുല്‍ഗാന്ധിയുടെ രാജി. നിഷ്‌കളങ്കര്‍ക്കും ജാഡകളില്ലാത്ത പച്ചമനുഷ്യര്‍ക്കും മാത്രമുണ്ടാകുന്നതാണ് ഈ നേതൃഗുണം. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു വസ്തുനിഷ്ഠമായ പഠനമാണ് ആ പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വാസമര്‍പ്പിച്ചിരിക്കുന്ന മതേതര,ജനാധിപത്യ വിശ്വാസിയും ആഗ്രഹിക്കുന്നത്. സ്വയം വിമര്‍ശനം നടത്തി പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ കരുത്തുറ്റ നേതൃത്വം കോണ്‍ഗ്രസിന് അനിവാര്യമാണ്. കാലം അതാണ് ആവശ്യപ്പെടുന്നത്.
സുഖിയന്മാര്‍ക്ക് അല്ലലും അലട്ടലുമില്ലാതെ നേതൃനിരയില്‍ പറ്റിപിടിച്ചിരിക്കാന്‍ ഇനി അനുവദിക്കരുത്. കളയേണ്ടത് കളഞ്ഞും ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊണ്ടും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണം. പതിനെട്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒരു എം.പി പോലുമില്ലെന്ന വസ്തുത ഇന്നത്തെ നേതൃനിരയെ തുടച്ചു മാറ്റാന്‍പോന്ന കാരണമാണ്. രണ്ടുവര്‍ഷം പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിരുന്ന രാഹുല്‍ഗാന്ധി യാതൊരു ഗുണവും ചെയ്യാത്ത നേതൃനിരയെ മാറ്റി ഊര്‍ജസ്വലമായ പുതിയൊരു നേതൃത്വത്തെ കൊണ്ടുവരാതിരുന്നത് അദ്ദേഹത്തിന്റെ പിഴവു തന്നെയാണ്. സത്യത്തില്‍ പഴയ താപ്പാനകള്‍ അദ്ദേഹത്തെവച്ചു മുതലെടുക്കുകയായിരുന്നു.
നെഹ്‌റു കുടുംബം രാജ്യത്തിന്റെ ധമനികളിലെ ചോരയോട്ടമാണ്. അതില്ലാതാക്കിയെങ്കില്‍ മാത്രമേ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ഇന്ത്യന്‍ മണ്ണില്‍ നിലനില്‍പ്പുണ്ടാകൂ. അതുകൊണ്ടാണവര്‍ നെഹ്‌റുകുടുംബത്തിനെതിരേ നിരന്തര അപവാദങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്‍ഗാമികളായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും. എന്നാല്‍, ഈ മഹിമ ഉയര്‍ത്തിപിടിച്ച് മാത്രം പുതിയ വോട്ടര്‍മാരെ സമീപിക്കാനാവില്ലെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും കോണ്‍ഗ്രസ് ഉള്‍ക്കൊള്ളണം.
തോറ്റു തുന്നംപാടിയിട്ടും ഇതുവരെ പരാജയത്തിന്റെ ആഴത്തെക്കുറിച്ചു പഠിക്കാന്‍ നേതൃത്വം തയാറായിട്ടില്ല. അതിനൊരു അന്ത്യംകുറിക്കുകയാണു രാഹുല്‍ഗാന്ധി തന്റെ രാജിയിലൂടെ. സംഘ്പരിവാര്‍ രാഷ്ട്രീയത്തോടു രാഹുല്‍ഗാന്ധി ഏകനായി പൊരുതുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവരവരുടെ താല്‍പ്പര്യങ്ങളായിരുന്നു വലുത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും അവരവരുടെ മക്കളെ സ്ഥാനാര്‍ഥികളാക്കി വിജയിപ്പിക്കാനാണ് ഏറെയും അധ്വാനിച്ചത്.
കാലം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ കാലത്തെ അഭിസംബോധനം ചെയ്യാന്‍ പറ്റുന്ന കര്‍മ്മകുശലരും നേതൃപാടവമുള്ളവരും കഠിനാധ്വാനികളുമായ നേതാക്കളെയാണു കോണ്‍ഗ്രസിനാവശ്യം. നെഹ്‌റു കുടുംബത്തിന്റെ വാഴ്ചയാണു കോണ്‍ഗ്രസിലെന്ന ആരോപണത്തെ അതിജീവിക്കാന്‍ ഈ പുതുനേതൃത്വത്തിനു കഴിയണം. മുതിര്‍ന്ന നേതാക്കള്‍ക്ക് ആവശ്യത്തിലധികം പരിഗണന രാഹുല്‍ ഗാന്ധി കൊടുത്തപ്പോള്‍ അവരതു മുതലെടുത്തു, സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി.
കുറഞ്ഞ കാലത്തേക്കെങ്കിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അസാധ്യമാക്കുംവിധം ബി.ജെ.പി നിലയുറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടു രാഹുല്‍ ഗാന്ധിയുടെ രാജികൊണ്ടു മാത്രം കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ല. മുഖം മിനുക്കലും രക്ഷയാവില്ല. അടിമുടി മാറണം കോണ്‍ഗ്രസ് പാര്‍ട്ടി. രാഹുല്‍ ഗാന്ധിയുടെ രാജി അവസരമാക്കി വരുംകാല വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കുകയെന്നതാണ് ഇനി ഏക പോംവഴി. അങ്ങിനെ മാത്രമേ കോണ്‍ഗ്രസിനു തിരിച്ചുവരവു സാധ്യമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."