ജീവിതശൈലീ രോഗ ക്ലിനിക്കിനെതിരേ പ്രതിഷേധം
തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിലെ ജീവിതശൈലീ രോഗ ക്ലിനിക്കിലെത്തുന്നവര്‍ നേരിടുന്ന അവഗണനക്കെതിരേ പ്രതിഷേധം ശക്തം. ഇന്നലെ ഇവിടെയെത്തിയ രണ്ട് രോഗികള്‍ കുഴഞ്ഞു വീഴാനിടയായ സംഭവത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ അവഗണനയുടെ കഥ പുറത്തറിയുന്നത്. ആഴ്ചയിലൊരു ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലേക്ക് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ വയോധികരാണ് എത്തുന്നത്.
ഷുഗര്‍, പ്രഷര്‍, മറ്റ് ജീവിത ശൈലി രോഗങ്ങളുടെ പരിശോധനയും മരുന്ന് വിതരണവുമാണ് ഇവിടെ. രാവിലെ ആറ് മുതല്‍ തന്നെ രോഗികള്‍ ഇവിടെ ക്യൂ നില്‍ക്കാറുണ്ട്. രാവിലെ എട്ടുമുതലാണ് ക്ലിനിക്ക് പ്രവര്ത്തനമാരംഭിക്കേണ്ടത്. എന്നാല്‍ 11 മണിയോടെ മാത്രമേ ഡോക്ടര്‍ എത്താറുളളൂവെന്നാണ് രോഗികള്‍ പറയുന്നത്. ഇതുകാരണം ഷുഗര്‍ പരിശോധനക്ക് വേണ്ടി രാവിലെ മുതല്‍ ഭക്ഷണം കഴിക്കാതെ വരുന്നവര്‍ കുഴഞ്ഞുവീഴുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് വയോധികര്‍ ക്യൂവില്‍ നിന്ന് ക്ഷീണിച്ച് വീണതോടെയാണ് ആശുപത്രിയിലെത്തിയ രോഗികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആശുപത്രി സൂപ്രണ്ട് ഡോക്ടറെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ജീവിത ശൈലിരോഗ ക്ലിനിക്ക് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പ്രവര്‍ത്തിപ്പിക്കുകയും ഡോക്ടര്‍മാര്‍ അവഗണന അവസാനിപ്പിക്കുകയും ചെയ്താല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."