പെണ്‍കെണിയില്‍ സമീപ ജില്ലകളിലെ പ്രമുഖരും കുടുങ്ങിയതായി വിവരം
തളിപ്പറമ്പ്: ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് വിലപ്പെട്ട വിവരങ്ങള്‍. കാസര്‍കോട് ചൂരി കുഡ്‌ലൂ കാലിങ്കാല്‍ ജഗദംബ ക്ഷേത്രത്തിന് സമീപത്തെ മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ ഷാഹിദയെന്ന സമീറ(32)യെയാണ് പൊലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്.
മാതമംഗലം വടക്കെച്ചാലിലെ കുഴിക്കാട്ട് വയലില്‍ കെ.വി ഭാസ്‌കരനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയെടുത്ത സംഘത്തിലെ അന്‍വര്‍, അബ്ദുല്ല എന്നിവരെയും കസ്റ്റഡിയിലെടുത്തത്. ഭാസ്‌കരനെ കുടുക്കിയ സംഘത്തില്‍ നിസാര്‍, സമീര്‍ എന്നിവരും മറ്റു രണ്ട് സ്ത്രീകളെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളും ഷാഹിദ പൊലിസിന് കൈമാറി.
റിമാന്‍ഡില്‍ കഴിയുന്ന മുസ്തഫയുടെ ഭാര്യ സറീന ഇന്നലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. പാറപ്പുറത്ത് ചെറിയവളപ്പില്‍ പി.സി അബ്ദുല്‍ ജലീല്‍, സുഹൃത്ത് മന്നയിലെ വ്യാപാരി അലി, മാതമംഗലം വടക്കെച്ചാലിലെ കുഴിക്കാട്ട് വയലില്‍ കെ.വി ഭാസ്‌കരന്‍ എന്നിവരെ ഹണിട്രാപ്പില്‍ കുടുക്കിയ കേസുകളില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് സറീന കോടതിയെ സമീപിച്ചത്. രണ്ട് കേസിലും സറീനയെ പൊലിസ് ഇതുവരെ പ്രതിയാക്കിയിട്ടില്ല. എന്നാല്‍ സാമ്പത്തികമുള്‍പ്പെടെ ഹണിട്രാപ്പ് സംഘത്തിന്റെ ഇടപാടുകള്‍ മുഴുവന്‍ നിയന്ത്രിച്ചിരുന്നത് സറീനയാണെന്ന് ഷാഹിദ പൊലിസിന് മൊഴി നല്‍കിയിരുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി പ്രമുഖര്‍ ഹണിട്രാപ്പില്‍ കുടുങ്ങി വന്‍തുക നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനായിട്ടില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഷാഹിദയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."