കണ്ടത്തുവയല്‍ ഇരട്ടക്കൊല; പ്രതി ഒക്ടോബര്‍ മൂന്ന് വരെ റിമാന്‍ഡില്‍
മാനന്തവാടി: പൊലിസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കിയ കണ്ടത്തുവയല്‍ ഇരട്ടക്കൊലപാത കേസ് പ്രതിയെ ഒക്ടോബര്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു.
തൊട്ടില്‍പ്പാലം കാവിലുംപാറ മരിതോറയില്‍ കലിങ്ങോട്ടുമ്മല്‍ വിശ്വനാഥന്‍(45)നെയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് റിമാന്‍ഡ് ചെയ്തത്. നേരത്തെ തെളിവെടുപ്പിനായി പ്രതിയെ ആറു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഈ കാലാവധി കഴിഞ്ഞതോടെയാണ് ഇന്നലെ 11ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം കോടതി പ്രതിക്കായി നിയോഗിച്ച അഭിഭാഷകന്‍ പ്രതിയുമായി സംസാരിക്കാന്‍ പൊലിസ് അനുവദിച്ചില്ലെന്ന് കോടതി മുമ്പാകെ പരാതി ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് കോടതിയിലെ ഓഫിസ് മുറിയില്‍ വെച്ച് സംസാരിക്കാന്‍ കോടതി അനുവാദം നല്‍കുകയും ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി തീരുന്ന ഒക്ടോബര്‍ മൂന്നിന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ അന്വേഷണ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. പൊലിസ് ആവശ്യപ്പെട്ടത് പ്രകാരം കോടതി അനുവദിച്ച ആറ് ദിവസത്തെ കസ്റ്റഡി കാലാവധിക്കിടെ നേരത്തെ ലഭിച്ച തെളിവുകള്‍ ബലപ്പെടുത്തുന്നതിനുള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കൊലപാതകം നടന്ന കണ്ടത്തുവയലിലെ വീട്ടിലും കുറ്റ്യാടിയിലും തൊട്ടില്‍ പാലത്തെ വീട്ടിലുമെത്തിച്ചും കൂടുതല്‍ സാക്ഷിമൊഴികളും തെളിവുകളും രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പൊലിസിന് മന്ത്രിയുടെ പൂച്ചെണ്ട്
മാനന്തവാടി: കണ്ടത്തുവയല്‍ ഇരട്ടക്കൊല കേസിലെ പ്രതിയെ പിടികൂടിയ പൊലിസിന് മന്ത്രിയുടെ അഭിനന്ദനം.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മാനന്തവാടി ഡി.വൈ.എസ്.പി ഓഫിസിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെ.എം ദേവസ്യയെ അനുമോദിച്ചത്. കേസിലെ പ്രതിയെ പിടികൂടിയ പോലിസ് സേനയുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാറിന് അഭിമാനര്‍ഹമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച അന്വേഷണ സംഘത്തിലെ മുഴുവന്‍ അംഗങ്ങളും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മീനങ്ങാടിയിലെ ഔദ്യാഗിക ചടങ്ങിന് ശേഷം കണ്ണൂരിലേക്ക് തിരിച്ച് പോകവേയാണ് മന്ത്രി ഡി.വൈ.എസ്.പി ഓഫിസിലെത്തി പൂച്ചെണ്ട് നല്‍കി ഡി.വൈ.എസ്.പിയെയും സംഘാങ്ങളെയും അഭിനന്ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."