ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞിക്കെട്ട് മറന്നുവച്ചു; യുവതിയുടെ നില ഗുരുതരം
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ മറന്നുവച്ച പഞ്ഞിക്കെട്ട് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലാണ് ഗുരുതര ചികിത്സാ പിഴവുണ്ടായത്. വലിയതുറ സ്വദേശി റിയാസിന്റെ ഭാര്യ അല്‍ഫിന അലിയാണ് (23) ഡോക്ടര്‍മാരുടെ കൈപ്പിഴയെ തുടര്‍ന്ന് ദുരിതത്തിലായത്.
വയറിനുള്ളില്‍ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് ഇവരുടെ ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് യുവതിക്ക് എസ്.എ.ടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തിയത്. ഇതോടെ യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി.
സെപ്റ്റംബര്‍ ഒന്നിനാണ് അല്‍ഫിന രണ്ടാമത്തെ പ്രസവത്തിനായി തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. നാലാം തിയതി ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തു. ശസ്ത്രക്രിയക്കു ശേഷം വേദന കുറവില്ലാതെ വന്നതോടെ ഡോക്ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞു. ഒന്‍പതിന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും വയറുവേദനയ്ക്ക് ശമനമുണ്ടായില്ല.
ആശുപത്രിവിട്ട അല്‍ഫിനയ്ക്ക് എഴുന്നേറ്റിരിക്കാന്‍ പോലുമാകാത്ത അവസ്ഥയായി. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ സ്കാനിങ്ങിന് വിധേയമാക്കിപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിയും അണുബാധയുമുള്ളതായി കണ്ടെത്തിയത്.
എസ്.എ.ടി ആശുപത്രിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. ആദ്യം കീ ഹോള്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ വയറുകീറി പഞ്ഞിക്കെട്ട് പുറത്തെടുത്തു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാന്‍ ആശുപത്രി അധികൃതര്‍ വെല്ലുവിളിച്ചെന്ന് അല്‍ഫിനയുടെ പിതാവ് അലി പറഞ്ഞു.
യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ തമ്പാനൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഡി.എം.ഒ റിപ്പോര്‍ട്ട് തേടി. എന്നാല്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജെയിംസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."