സ്വാതന്ത്ര്യദിനാഘോഷം: ജില്ലാഭരണകൂടം വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി
ആലപ്പുഴ: രാജ്യത്തിന്റെ 70 ാമത് സ്വാതന്ത്ര്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കാന്‍ തയാറെടുപ്പുകള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കം വിലയിരുത്താന്‍ കലക്‌ട്രേറ്റില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.
ഓഗസ്റ്റ് 15ന് ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് നടക്കുന്ന പരേഡില്‍ പൊലിസിന്റെയും എക്‌സൈസിന്റെയും പ്ലാറ്റൂണുകളും വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും എന്‍.സി.സി., സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ്, കബ്‌സ്, ബുള്‍ബുള്‍ യൂണിറ്റുകളും ബാന്‍ഡ് ട്രൂപ്പുകളും പങ്കെടുക്കും. പരേഡിനുള്ള റിഹേഴ്‌സല്‍ ഓഗസ്റ്റ് ഒമ്പത്, 11, 12 തീയതികളില്‍ റിക്രിയേഷന്‍ മൈതാനത്ത് നടക്കും. ഒമ്പത്, 11 തീയതികളില്‍ വൈകിട്ട് നാലിനും 12ന് രാവിലെ ഏഴിനുമാണ് റിഹേഴ്‌സല്‍. ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. മൈതാനം വൃത്തിയാക്കല്‍ ഓഗസ്റ്റ് ഒമ്പതിനകവും പന്തല്‍ നിര്‍മാണം 13നകവും പൂര്‍ത്തീകരിക്കാന്‍ ആലപ്പുഴ നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും നിര്‍ദേശം നല്‍കി. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലും സ്‌കൂളുകള്‍ കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടക്കും. സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ കബീര്‍, പൊലിസ് ഡെപ്യൂട്ടി കമാന്‍ഡന്റ് ഐവാന്‍ രത്തിനം, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ദീപു, ആര്‍.ഡി.ഒ. ഇ. സുബൈര്‍ കുട്ടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, ഡിവൈ.എസ്.പി എം.ഇ ഷാജഹാന്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."