ഇടയ പീഡനം, അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി
കോട്ടയം: കന്യാസ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള രണ്ട് അനുബന്ധ കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീയുടെ സുഹൃത്തിനെ ഫോണില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതും പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതും ആണ് കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയതെന്ന് ജില്ലാ പൊലിസ് മേധാവി എസ്.ഹരിശങ്കര്‍ അറിയിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കുള്ളില്‍ ആദ്യഘട്ട അന്വേഷണം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈക്കം ഡിവൈ.എസ്.പിയില്‍നിന്ന് ഈ കേസുകള്‍ മാറ്റിയത് പീഡന കേസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണം. നടപടി അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണത്തിനിടയാക്കിയിട്ടുണ്ട്.
ഫ്രാങ്കോക്കെതിരേയുള്ള പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാ. ജയിംസ് ഏര്‍ത്തയിലിനെ അടുത്തദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസ് പി.ആര്‍.ഒ സിസ്റ്റര്‍ അമലയെ വിളിച്ചു വരുത്തിയാകും മൊഴിയെടുക്കുക.
സിസ്റ്റര്‍ അമലയെ ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞദിവസം അന്വേഷണസംഘം നൊട്ടിസ് അയച്ചിരുന്നു. വാര്‍ത്താക്കുറിപ്പിലെ ഒപ്പ് സിസ്റ്റര്‍ അമലയുടേതാണെന്നു സ്ഥിരീകരിച്ചാല്‍ പിന്നാലെ അറസ്റ്റുണ്ടായേക്കും.
കേസില്‍നിന്ന് പിന്‍മാറാന്‍ പത്തേക്കര്‍ ഭൂമിയും മഠവും ഏര്‍ത്തയില്‍ വാഗ്ദാനം ചെയ്തത് തെളിവുസഹിതം പുറത്തുവന്നിരുന്നു. വഴങ്ങിയില്ലെങ്കില്‍ പ്രതികാര നടപടികളുണ്ടാവുമെന്ന ഭീഷണിയുണ്ടായിരുന്നു.
കോതമംഗലം സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് ഭൂമി വാഗ്ദാനം ചെയ്തതെന്നാണ് ചോദ്യം ചെയ്യലില്‍ വൈദികന്‍ മൊഴി നല്‍കിയത്. എന്നാല്‍, ഫ്രാങ്കോയുടെ അറിവോടെ സഭയിലെ ഉന്നതരാണ് ഈ നീക്കത്തിനു പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഫോണ്‍ രേഖകളടക്കമുള്ള തെളിവുകള്‍ ഇതിനായി ശേഖരിച്ചിരുന്നു. അറസ്റ്റിലേക്കു നീങ്ങുന്നതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിക്കാരിയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷനറീസ് ഓഫ് ജീസസ് നേതൃത്വത്തിനെതിരേയാണ് അന്വേഷണം നടക്കുന്നത്.
പീഡനപരാതി ഉയര്‍ന്നത് മുതല്‍ ഫ്രാങ്കോക്ക് അനുകൂലമായി നിലപാടെടുത്തവരാണ് മിഷനറീസ് ഓഫ് ജീസസ് നേതൃത്വം. അതിനിടെ, അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരേ പരാതിക്കാരിയായ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പൊലിസ് നടപടികളാരംഭിച്ചു.
കന്യാസ്ത്രീയുടെ മൊഴിയെടുത്ത ശേഷമാവും പി.സി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനമുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."