വെളിച്ചം വെളിച്ചം ജോണ്‍സണ്‍ ദൈവത്തോട് കരഞ്ഞു
ചില നിയോഗങ്ങള്‍ മനുഷ്യനെ അമാനുഷികമായി ഉയര്‍ത്തുന്നു. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ മഠത്തിലകത്ത് അബ്രഹാം ജോണ്‍സണ്‍ എന്ന 'ചെറിയ' മനുഷ്യന്‍ ഇങ്ങനെയൊന്നും ആവില്ലായിരുന്നു. ഒരുപക്ഷേ, മൂന്നാം വയസില്‍ അയാള്‍ക്ക് പോളിയോ വന്ന് ശരീരമാകെ തളര്‍ന്നുപോയില്ലായിരുന്നുവെങ്കില്‍ ജോണ്‍സണ്‍ ഇന്ന് പുറംലോകമറിയാതെ ഒരു സാധാരണ മനുഷ്യനായി പെരുമണ്ണാമുഴിയിലോ മറ്റോ ജീവിക്കുന്നുണ്ടാകും. വിധി മറ്റൊന്നായിരുന്നു. 20 കിലോ മാത്രം ഭാരമുള്ള അമ്പത് കഴിഞ്ഞ ജോണ്‍സണ്‍ ഇന്ന് ലോകത്തിന് ഒരത്ഭുതമാണ്. വേണമെങ്കില്‍ അദ്ദേഹത്തെ ഏറ്റവും ഭാരം കുറഞ്ഞ കമ്പനി മേധാവി (സി.ഇ.ഒ) യെന്നു വിളിക്കാം. വെളിച്ചത്തെ അത്രയേറെ പ്രണയിച്ചതു കൊണ്ടാവണം ഇന്ത്യയില്‍ത്തന്നെ ആദ്യത്തെ 5 വോള്‍ട്ട് എന്‍.ഇ.ഡി. ബള്‍ബിന് അദ്ദേഹം രൂപകല്‍പന ചെയ്തത്. എന്നിട്ടും നാം കേരളീയര്‍ അദ്ദേഹത്തെ അധികമൊന്നും കൊണ്ടാടിയില്ല. ഒട്ടും കൊണ്ടാടപ്പെടാത്ത ഒരു ജീവിതമായിരുന്നല്ലോ അദ്ദേഹത്തിന്റേത്. ഇരുട്ടായിരുന്നു എങ്ങും. വിധിക്ക് കീഴ്‌പ്പെട്ട് ജീവിതം നരകിച്ചു തീര്‍ക്കാന്‍, ജോണ്‍സണ്‍ തയ്യാറല്ലായിരുന്നു. തന്റെ പരിമിതികളെ തിരിച്ചറിഞ്ഞപ്പോഴും, അതിനെ മറിക്കടക്കാനുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. ആ പോരാട്ടത്തില്‍ അദ്ദേഹം വിജയിച്ചു. വീണിടത്തു നിന്നെല്ലാം ദൈവം ആ മനുഷ്യനെ ഇരുകൈകളില്‍ കോരിയെടുത്ത് നെഞ്ചു വിരിച്ചുനില്‍ക്കാന്‍ സഹായിച്ചില്ലെങ്കില്‍ ജോണ്‍സണെന്ന ഈ ശാസ്ത്രജ്ഞന്‍ കേരളത്തിന് നഷ്ടപ്പെടുമായിരുന്നു.
പ്രകൃതി കനിഞ്ഞുനല്‍കിയ സൗന്ദര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട പെരുമണ്ണാമുഴിയില്‍ നിന്നും മുതുകാട് വഴി സഞ്ചരിച്ചാല്‍ ജോണ്‍സന്റെ വീട്ടിലെത്താം. വഴിനീളെ അരുവികളും തടാകങ്ങളും. മരങ്ങള്‍ തണല്‍ വീഴ്ത്തി നില്‍ക്കുന്ന കാട്ടുവഴികള്‍. നട്ടുച്ചയ്ക്കു പോലും ഇരുട്ടുള്ള പ്രതീതി. ഈ ഇരുട്ടാണ് ജോണ്‍സനെ പ്രചോദിപ്പിച്ചത്. രാത്രി ആയാള്‍ കണ്ണു ചിമ്മുന്ന വൈദ്യുതി വെളിച്ചം. അതു തന്നെ ചിലപ്പോള്‍ മാത്രം. പലപ്പോഴും മണ്ണെണ്ണ വിളക്കാണ് പെരുമണ്ണാമുഴി നിവാസികള്‍ക്ക് അക്കാലത്ത് ശരണം. ഈ ഇരുട്ടിനെ എങ്ങനെ മറികടക്കാമെന്ന ചിന്തയാണ് ജോണ്‍സനെ കണ്ടുപിടുത്തത്തിന്റെ നിഗൂഢ വഴികളിലെത്തിച്ചത്. രാവും പകലും അതിനെക്കുറിച്ചുള്ള ചിന്ത മാത്രമായി. തന്റെ സമപ്രായക്കാരായ കുട്ടികള്‍ ബാഗുമെടുത്ത് സ്‌കൂളിലേക്ക് പോകുന്നത് നോക്കി ഉമ്മറത്തിരിക്കും ജോണ്‍സണ്‍. പരസഹായമില്ലാതെ അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ സ്‌കൂളില്‍ പോകാന്‍ വാശി പിടിക്കുന്നത് വലിയ അപരാധമാണെന്ന് അവനറിയാമായിരുന്നു. അപ്പോഴും മനസില്‍ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. ഒരിക്കല്‍ തന്റെ ഉടലിനെ നോക്കി പരിഹസിച്ചവരും സഹതാപം കൂറിയവരും തന്റെ കഴുത്തില്‍ പൂമാല ചാര്‍ത്തുമെന്ന് ഒരു ഉള്‍വിളി പോലെ അവനറിയമായിരുന്നു. ഒടുവില്‍ അത് സംഭവിക്കുകയും ചെയ്തു.
ഒരിക്കലും ജോണ്‍സണ്‍ സ്‌കൂളില്‍ പോയിട്ടില്ല. ചെറിയ വീടിന്റെ അകത്തളങ്ങളില്‍ ഇഴഞ്ഞും കിടന്നും അവന്‍ കാലം കഴിച്ചു. അമ്മയുടെ കൈകളില്‍ ഒരു തൂവല്‍ ഭാരത്തോടെ അവന്‍ നിഷ്‌കളങ്കമായി ചിരിച്ചു. ആ ചിരിയുടെ വെളിച്ചമാണ് പുറംലോകത്തെ ഇരുട്ടില്‍ നിന്നും സംരക്ഷിക്കാന്‍ പില്‍ക്കാലത്ത് പ്രാപ്തമാക്കിയത്. പഠിക്കാനും സ്വപ്‌നം കാണാനുമുള്ള കഴിവ് ദൈവം കനിഞ്ഞ് നല്‍കിയതുകൊണ്ട് ജോണ്‍സന്‍ കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേക്ക് തിരിഞ്ഞു. കേരളത്തിലെ സ്റ്റീഫന്‍ ഹോക്കിന്‍സനെന്ന് ജോണ്‍സനെ വിളിച്ചാല്‍ അതില്‍ തെറ്റില്ല.
അക്ഷരമാലകള്‍ക്കൊപ്പം കൂട്ടാനും കിഴിക്കാനും ജോണ്‍സന്‍ പഠിച്ചത് തനിച്ചാണ്. സഹോദരന്മാര്‍ സ്‌കൂള്‍ വിട്ടുവന്ന് ഹോംവര്‍ക്ക് ചെയ്യുന്നത് കണ്ണിമയ്ക്കാതെ നോക്കിയിരുന്നായിരുന്നു ആ പഠനം. വല്ലപ്പോഴും പുറത്തേക്ക് പോവണമെങ്കില്‍ അമ്മയുടെ സഹായം വേണം. സ്‌നേഹവതിയായ ആ അമ്മ തന്റെ കൈകളില്‍ അവനെ കോരിയെടുത്താണ് അങ്ങാടിയിലേക്കോ മറ്റോ പോവുക. അപ്പോഴേക്കും കയ്യില്‍ കിട്ടുന്നതെന്തും വായിക്കാന്‍ പഠിച്ചുകഴിഞ്ഞിരുന്നു. ദൂര യാത്രകള്‍ അസാധ്യമായിരുന്നതുകൊണ്ട് ജോണ്‍സന്റെ ലോകം വീടും പരിസരങ്ങളും മാത്രമായി. എങ്കിലും പുറംലോകത്ത് സംഭവിക്കുന്നതെല്ലാം അയാള്‍ ഉള്‍ക്കണ്ണുകൊണ്ട് കണ്ടു.
ഇലക്‌ട്രോണിക്‌സ്
ലോകത്തേക്കുള്ള ചുവടുവയ്പ്പ്
വീട്ടിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് ജോണ്‍സന്റെ തുടക്കം. അതിനു മുന്‍പ് അവയുടെ കാറ്റലോഗുകള്‍ പഠിക്കും. വിശദമായ വായന കഴിഞ്ഞാല്‍ ഉപകരണങ്ങളും ബോര്‍ഡുകളും പരിശോധിച്ച് മനസിലാക്കും. അത് കുറച്ചുകാലം തുടര്‍ന്നു. അപ്പോഴെല്ലാം മനസിനെ അലട്ടിയ ഒരു പ്രശ്‌നം നാട്ടില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അക്കാലത്ത് വോള്‍ട്ടേജ് കുറഞ്ഞ സമയമാണ്. ഇതിന് എങ്ങനെയെങ്കിലും ഒരു പരിഹാരം കാണണം എന്ന ചിന്ത ഊണിലും ഉറക്കിലും ജോണ്‍സനെ അലട്ടി. 1990 കാലമാണത്. ഇലക്‌ട്രോണിക്‌സ് ചോക്കുകളില്‍ ജോണ്‍സണ്‍ പരീക്ഷണം നടത്തുന്നത് അങ്ങനെയാണ്. ചെറിയ വോള്‍ട്ടേജില്‍ ഇവയെ കൂടുതല്‍ പ്രകാശമാനമാക്കാന്‍ കഴിയുമോ എന്ന ചിന്തയാണ് തുടര്‍ച്ചയായ നിരീക്ഷണ-പരീക്ഷണങ്ങളിലേക്ക് നയിച്ചത്. അങ്ങനെ അഞ്ച് വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്കുകള്‍ നിര്‍മിച്ചുതുടങ്ങി. അത് വലിയ വിജയമായി. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ വ്യാവസായികാടിസ്ഥാനത്തില്‍ അവയുടെ നിര്‍മാണം തുടങ്ങി. 1991 ല്‍ ങമരേവ ലഹലരൃേീ റശഴശമേഹ ശിറൗേെൃ്യ യുടെ തുടക്കം അങ്ങനെയാണ്. ആ വര്‍ഷം തന്നെ എല്‍.ഇ.ഡി ബള്‍ബുകളും സോളാര്‍ ഉല്‍പന്നങ്ങളും കമ്പനിയില്‍ ഉല്‍പാദിപ്പിച്ചുകൊണ്ട് ഒരു 'വെളിച്ച വിപ്ലവം' തന്നെ നടത്തി. ലോകത്ത് എല്‍.ഇ.ഡി ബള്‍ബുകള്‍ നിലവില്‍ വന്നിട്ടില്ലാത്ത കാലമാണതെന്നോര്‍ക്കണം. ഈ വര്‍ഷം 50 ലക്ഷം രൂപ വരുമാനമുള്ള കമ്പനിയായി ഇത് മാറി. ജോണ്‍സന്റെ കീഴില്‍ തൊഴില്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്നവരുടെ എണ്ണം കൂടി. സ്വന്തമായി ഒരു കുടുംബം പുലര്‍ത്താന്‍ കഴിയില്ലെന്ന് ഉറപ്പിച്ചവര്‍ക്ക് ജോണ്‍സണ്‍ തന്റെ ജീവിതം കൊണ്ട് മറുപടി നല്‍കി.
പ്രണയ ജീവിതം
പ്രണയ ജീവിതത്തെക്കുറിച്ച് സ്വപ്‌നം കാണാന്‍ പോലും അര്‍ഹതയില്ലെന്ന് ലോകം എഴുതിത്തള്ളിയ ഒരു ജീവിതമായിരുന്നു ജോണ്‍സന്റേത്. അവിടേയും തോറ്റുകൊടുക്കാന്‍ നില്‍ക്കാതെ ജോണ്‍സണ്‍ ആളുകളെ അത്ഭുതപ്പെടുത്തി. തന്റെ ഇലക്‌ട്രോണിക്‌സ് യൂനിറ്റില്‍ ഒരു ഹെല്‍പ്പറായി ജോലിക്ക് നിന്ന ഉഷയുമായുള്ള ബന്ധം പ്രണയമായി തീരുകയും ഒടുവിലത് വിവാഹത്തിലേക്ക് നയിക്കുകയും ചെയ്തു. കുടുംബക്കാരുടെ എതിര്‍പ്പുകളെ മറികടന്നാണ് അന്യസമുദായത്തില്‍ പെട്ട ഉഷയെ അദ്ദേഹം ജീവിത സഖിയാക്കിയത്. ശാരീരികമായ ജോണ്‍സന്റെ എല്ലാ പരിമിതികളെയും തിരിച്ചറിഞ്ഞുകൊണ്ടുള്ള ഉഷയുടെ നെഞ്ചുറപ്പില്‍ ജോണ്‍സണ്‍ വീണു. അതേക്കുറിച്ച് ചോദിച്ചാല്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് അവള്‍ ചിറകുകള്‍ നല്‍കി എന്നാണ് ജോണ്‍സണ്‍ പറയുക. ആ ബന്ധത്തില്‍ രണ്ട് മക്കളുണ്ടിന്ന്. മൂത്തവന്‍ അച്ഛന്റെ വഴിയെ എഞ്ചിനീയറിങ് പഠിക്കുന്നു. രണ്ടാമന്‍ പത്താം തരം കഴിഞ്ഞു.
വളര്‍ച്ചയുടെ പടവുകള്‍
രോഗം തളര്‍ത്തിയ ശരീരത്തെ വിധിക്ക് വിടാതെ ഉയര്‍ത്തെഴുന്നേറ്റതാണ് ജോണ്‍സന്റെ വിജയ രഹസ്യം. 1991 ല്‍ തുടങ്ങിയ എം.ടെക്. ഇലക്‌ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രിയലിന് നാലിടങ്ങളില്‍ യൂനിറ്റുകളുണ്ട്. സ്ത്രീ ശാക്തീകരണ യൂണിറ്റും വേറിട്ട അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഉദാഹരണമാണ്. എല്‍.ഇ.ഡി. എമര്‍ജന്‍സി ലൈറ്റുകളും ബള്‍ബുകളും നിര്‍മിച്ച് നാട്ടില്‍ വെളിച്ചത്തിന്റെ കാവലായി മാറാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. വിലക്കുറവും ഗുണമേന്മയും കൊണ്ട് ഈ ഉപകരണങ്ങളെല്ലാം വേറിട്ടുനില്‍ക്കുന്നു. 30 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റബ്‌ലൈസറും അഞ്ച് വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നവയും ഈ യൂനിറ്റില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്. സ്വന്തം വീടിനോട് ചേര്‍ന്നാണ് ഈ ഫാക്ടറി.
കൊവിഡ് മഹാമാരി ലോകത്ത് വിതച്ച സാമ്പത്തിക മാന്ദ്യം ജോണ്‍സനെയും തളര്‍ത്തിയിട്ടുണ്ട്. പല യൂനിറ്റുകളും ഉല്‍പാദനം കുറച്ചു. ആവശ്യക്കാരുടെ സാമ്പത്തികത്തകര്‍ച്ചയാണ് കാരണം. അവിടേയും തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ല. ഒരു യൂനിറ്റ് നിര്‍ത്തിവച്ചാല്‍ പട്ടിണി കിടക്കുന്ന കുടുംബത്തെക്കുറിച്ച് ആകുലനാണദ്ദേഹം. അതുകൊണ്ട് എല്ലാവര്‍ക്കും ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് അദ്ദേഹം മുന്നിലുണ്ട്.
ചാരിറ്റിയിലേക്കും വെളിച്ചം
പ്രളയകാലം അത്രയൊന്നും എളുപ്പത്തില്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയകാലത്ത് ജോണ്‍സണ്‍ തന്റേതായ പങ്ക് നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസ കേമ്പുകളിലേക്ക് 500 സോളാര്‍ എല്‍.ഇ.ഡി എമര്‍ജന്‍സികള്‍ നല്‍കിക്കൊണ്ടാണ് അദ്ദേഹം മാതൃകയായത്. വൈദ്യുതിയെത്താത്ത പല കുടുംബങ്ങള്‍ക്കും ജോണ്‍സന്റെ എമര്‍ജന്‍സി വിളക്കുകള്‍ ആശ്വാസം നല്‍കുന്നു. നവ കേരളത്തിനായുള്ള ജനകീയാസൂത്രണ പദ്ധതികളിലെല്ലാം ജോണ്‍സന്റെ സാന്നിധ്യമുണ്ടിന്ന്. തൊഴില്‍ രഹിതര്‍ക്ക് പരിശീലനം നല്‍കിയും, തൊഴില്‍ ശാലകളില്‍ വിദഗ്‌ധോപദേശം നല്‍കാനും ജോണ്‍സണ്‍ എത്തുന്നു. പുതിയ തലമുറയോട് അദ്ദേഹത്തിന് പറയാന്‍ ഇത്രയേയുള്ളൂ. ''തോറ്റുകൊടുക്കാതെ പരിശ്രമിക്കുക. വിജയം ഒപ്പമുണ്ടാവും''.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."