പച്ചത്തേങ്ങ സംഭരണത്തിന് ഇന്ന് തുടക്കം
വില നിര്‍ണയിക്കുക കോഴിക്കോട് മാര്‍ക്കറ്റ്
കോഴിക്കോട്: സംസ്ഥാനത്ത് നിര്‍ത്തിവച്ച പച്ചത്തേങ്ങ സംഭരണം ഇന്ന് പുനരാരംഭിക്കും. 27 രൂപ താങ്ങുവില പ്രഖ്യാപിച്ചാണ് കേരഫെഡ് കര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കുക.
കൊപ്രയുടെ വിപണിവില കൂടുന്നതിനനുസരിച്ച് പച്ചത്തേങ്ങയുടെ സംഭരണ വിലയിലും ഓരോ ദിവസവും മാറ്റമുണ്ടാകും. മുന്‍വര്‍ഷങ്ങളില്‍ എറണാകുളം, ആലപ്പുഴ, കോഴിക്കോട് മാര്‍ക്കറ്റുകളിലെ കൊപ്ര വിലയുടെ അടിസ്ഥാനത്തിലായിരുന്നു പച്ചത്തേങ്ങ സംഭരിച്ചതെങ്കില്‍ ഇനി മുതല്‍ കോഴിക്കോട് മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയായിരിക്കും വില നിര്‍ണയമെന്ന് കേരഫെഡ് ചെയര്‍മാന്‍ അഡ്വ.ജെ. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരഫെഡില്‍ അംഗങ്ങളായ സംഘങ്ങള്‍, നാളികേര വികസന ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സി.പി.സി, സി.പി.എഫ് എന്നിവ വഴിയാണ് സംഭരണം. ഇത്തരത്തിലുള്ള 190 സൊസൈറ്റികള്‍ പച്ചത്തേങ്ങ സംഭരിക്കും. സൊസൈറ്റികള്‍ ഓരോ ദിവസത്തെയും സംഭരണം അപ്പോള്‍തന്നെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തി കേരഫെഡിനെ അറിയിക്കണം. കര്‍ഷകര്‍ക്കുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംഭരണ ഏജന്‍സികള്‍ കൈമാറും. സംഭരണം സംബന്ധിച്ചും വില നിര്‍ണയത്തെ സംബന്ധിച്ചും വിലയിരുത്താന്‍ സംസ്ഥാന, ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പച്ചത്തേങ്ങ സംഭരണത്തിലൂടെ കേരഫെഡിനുണ്ടായ നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ കരുതലോടെയാണ് ഇത്തവണത്തെ സംഭരണം. തേങ്ങ വില്‍ക്കുന്ന കര്‍ഷകന്‍ കൃഷി ഓഫിസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതുവഴി കര്‍ഷകര്‍ സ്വന്തം തോട്ടത്തില്‍ നിന്ന് വിളവെടുത്ത തേങ്ങ തന്നെയാണ് സൊസൈറ്റിക്ക് നല്‍കുന്നതെന്നും യഥാര്‍ഥ ഗുണം കര്‍ഷകന് ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ കഴിയും. കഴിഞ്ഞ തവണ തൂക്കംകൂടാനായി തേങ്ങക്ക് പകരം കര്‍ഷകര്‍ കരിക്ക് നല്‍കിയതിനെ തുടര്‍ന്ന് കേരഫെഡിന് 120 കോടിയുടെ നഷ്ടമുണ്ടായി. ഇതാണ് സംഭരണത്തെ പ്രതികൂലമായി ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പച്ചത്തേങ്ങ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി രത്തണ്‍ കേല്‍കര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരഫെഡ് വൈസ് ചെയര്‍മാന്‍ ഇ. രമേശ് ബാബു, എം.ഡി എന്‍. രവികുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."