പ്രളയബാധിതര്‍ക്ക് വേഗത്തില്‍ ഭവനം: പദ്ധതിയുമായി ടി.കെ.എം എന്‍ജിനീയറിങ് കോളജ്
കൊല്ലം: പ്രളയത്തെത്തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി ടി.കെ.എം എന്‍ജിനീയറിങ് കോളജിന്റെ അതിവേഗ ഭവന പദ്ധതി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്നതും ചെലവുകുറഞ്ഞതും വേഗത്തില്‍ നിര്‍മിക്കാന്‍ കഴിയുന്നതുമായ സുസ്ഥിര ഭവനങ്ങളാണ് നിര്‍മിക്കുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പന ചെയ്ത പ്രീ ഫാബ്രിക്കേറ്റഡ് പ്രീ സ്‌ട്രെസ്സ്ഡ് സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാളികളാണ് ഉപയോഗിക്കുന്നത്. രണ്ട് കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും ശുചിമുറിയും ഉള്‍പ്പടെ ഏകദേശം 550 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം. ആറു ലക്ഷം രൂപ ചെലവ് വരുന്ന വീട് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം.
പ്രളയം ദുരിതം വിതച്ച കൊല്ലം ജില്ലയിലെ മണ്‍റോതുരുത്തിലാണ് ആദ്യ വീട് നിര്‍മിക്കുകയെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ് അയൂബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സമാഹരിച്ച 30 ലക്ഷം രൂപ ചെലവിട്ട് അഞ്ചു വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ടി.കെ.എം. സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജോര്‍ജ് ജേക്കബ്, ഡീന്‍ പ്രൊഫ. ദീപു ജോര്‍ജ്, പ്രൊഫ. കെ.എ. അയ്യപ്പന്‍ എന്നിവരാണ് ഈ ഭവന മാതൃകയ്ക്ക് പിന്നില്‍.
വാര്‍ത്താ സമ്മേളനത്തില്‍ മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനുകരുണാകരന്‍, വൈസ് പ്രസിഡന്റ് മഞ്ജു സുനിധരന്‍, ഡോ. ബി സുനില്‍കുമാര്‍, ഡോ. ജെ. ഉദയകുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."