വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി യോഗം കൈയാങ്കളിയിലെത്തി
വണ്ടൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വണ്ടൂര്‍ യൂനിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗം കൈയാങ്കളിയിലെത്തി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന ചേരിപ്പോരാണ് അടിയുടെ വക്കോളമെത്തിയത്. ഒടുവില്‍ പൊലിസ് സാന്നിധ്യത്തിലാണ് ഭാരവാഹി തിരഞ്ഞെടുപ്പുള്പ്പെടെയുള്ളവ പൂര്‍ത്തിയാക്കിയത്.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് വണ്ടൂരിലെ യൂനിറ്റ് കമ്മിറ്റിയെ ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. മുന്‍ പ്രസിഡന്റ് നാലകത്ത് നജ്മുദ്ദീന് സംഘടനയുടെ ജില്ലാ സെക്രട്ടറിയുമായി നടത്തിയ രഹസ്യസംഭാഷണം പുറത്തുവന്നതോടെയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. സെക്രട്ടറിയായിരുന്ന കെ.എഫ്.സി സുബൈറും സംഘടനാ നടപടി നേരിട്ടിരുന്നു.
യോഗത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നീണ്ടതോടെ പ്രശ്നം രൂക്ഷമായി. വാക്കേറ്റവുമായി അംഗങ്ങള്‍ ജില്ലാ നേതാക്കളുള്പ്പെടയുള്ളവര് ഇരിക്കുന്ന ഡയസിലേക്കെത്തി. തുടര്‍ന്ന് പൊലിസ് സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്നത്. നാലകത്ത് നജ്മുദ്ദീന്, മച്ചിങ്ങല്‍ അലവിക്കുട്ടി എന്നിവര്‍ തമ്മില്‍ നടന്ന മത്സരത്തില്‍ 281 വോട്ടിന്റെ ഭൂരിപക്ഷത്തിന് മച്ചിങ്ങല്‍ അലവിക്കുട്ടിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."