ബംഗളൂരു പൊലിസ് മേധാവി അറസ്റ്റില്‍
ബംഗളൂരു: ഐ മോണിറ്ററി അഡൈ്വസറി (ഐ.എം.എ) ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ബംഗളൂരു പൊലിസ് മേധാവിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു.
ബംഗളൂരു നോര്‍ത്ത് ഡിവിഷന് അസിസ്റ്റന്റ് കമ്മിഷണര്‍ എല്‍.സി നാഗരാജ് ആണ് പിടിയിലായത്. കേസ് അട്ടിമറിക്കാനായി നാഗരാജ് നാലരക്കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ബംഗളൂരു ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ഗിരീഷ് അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 25ന് നഗരത്തിലെ ഐ.എം.എയുടെ വിവിധ ആസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ അഹമ്മദ് ഖാന്, വിമത കോണ്‍ഗ്രസ് എം.എല്‍.എ റോഷന് ബേഗ് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിപ്പിക്കുകയും ചെയ്തു. പലിശരഹിത (ഹലാല്‍) നിക്ഷേപമെന്ന് അവകാശപ്പെട്ട് തുടങ്ങിയ ഐ.എം.എയുടെ പ്രമോട്ടറും കേസിലെ പ്രധാനപ്രതിയുമായ മുഹമ്മദ് മന്‍സൂര്‍ ഖാനുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു ഇരുവര്‍ക്കും ഇ.ഡി സമണ്‍സ് അയച്ചത്. നിക്ഷേപത്തുക തിരികെവേണമെന്നാവശ്യപ്പെട്ട് 40,000 ഓളം വരുന്ന നിക്ഷേപകര്‍ പ്രതിഷേധത്തിലാണ്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 28000ത്തോളം പരാതികളാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. തട്ടിപ്പിനിരയായവരിലേറെയും സാധാരണക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."