പ്രശാന്ത് ഭൂഷണെതിരേ കോടതിയലക്ഷ്യ നടപടി വേണ്ടെന്ന് അറ്റോര്‍ണി ജനറല്‍
ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഏര്‍പ്പെടുത്തി നല്‍കിയ ഹെലികോപ്റ്ററില്‍ കന്‍ഹ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെയെ വിമര്‍ശിച്ചതിന് പ്രശാന്ത് ഭൂഷണെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുള്ള അപേക്ഷ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ തള്ളി.
ഇതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത് പൊതുതാല്‍പര്യത്തിന് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന മധ്യപ്രദേശിലെ എം.എല്‍.എമാരുടെ കൂറുമാറ്റം സംബന്ധിച്ച കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ചീഫ് ജസ്റ്റിസ് മധ്യപ്രദേശ് മുഖ്യമന്ത്രി ഏര്‍പ്പാടാക്കിയ ഹെലികോപ്റ്ററില്‍ കന്‍ഹ നാഷണല്‍ പാര്‍ക്ക് കാണാനും അവിടെനിന്ന് നാഗ്പൂരിലെ വീട്ടിലേക്കും പറന്നതെന്നായിരുന്നു ഒക്ടോബര്‍ 21ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
ഇതിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുനില്‍ സിങ് അപേക്ഷ നല്‍കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റവും അതോടൊപ്പം ജുഡീഷ്യറിയെ അപമാനിക്കുന്നതുമാണ് ട്വീറ്റെന്നായിരുന്നു അഭിഭാഷകന്റെ വാദം.
മാവോയിസ്റ്റ് മേഖലയിലൂടെ സഞ്ചരിക്കേണ്ടതുള്ളതുകൊണ്ടാണ് ചീഫ് ജസ്റ്റിസിന് ഹെലികോപ്റ്റര്‍ അനുവദിച്ചതെന്നും അക്കാര്യം ബോധ്യമായതിനാല്‍ പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും അപേക്ഷ തള്ളിക്കൊണ്ട് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."