സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സി.ഐ.എസ്.എഫില്‍ ആശ്രിത നിയമനം ലഭിച്ച ഉദ്യോഗസ്ഥയെ കൊച്ചിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി. കര്‍ണാടകയിലേക്ക് സ്ഥലംമാറ്റിയതിനെതിരേ ആര്.എസ് ദിവ്യമോള് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഫാക്ടിന്റെ സുരക്ഷാച്ചുമതലയുള്ള സി.ഐ.എസ്.എഫിലെ അസി. സബ് ഇന്‍സ്പെക്ടറാണ് ദിവ്യമോള്. പിതാവ് നാഗാലാന്‍ഡില്‍ വച്ച് വീരമൃത്യു വരിച്ചതിനെത്തുടര്‍ന്ന് 2007 ലാണ് ദിവ്യയ്ക്ക് സി.ഐ.എസ്.എഫില്‍ നിയമനം ലഭിച്ചത്.
രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഹരജിക്കാരി ഫാക്ടിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പമാണ് താമസം.
കേന്ദ്ര സര്‍വിസിലുള്ളവരെ സ്ഥലം മാറ്റുമ്പോള്‍ ഇവരുടെ ജീവിത പങ്കാളിക്ക് പൊതുമേഖലാ സ്ഥാപനത്തിലാണ് ജോലിയെങ്കില്‍ ആ സ്ഥാപനത്തിന്റെ മറ്റു യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് മാത്രമേ മാറ്റം അനുവദിക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നിലവിലുണ്ട്. കര്‍ണാടകയിലേക്കു സ്ഥലം മാറ്റുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനു വിരുദ്ധമാണെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയെങ്കിലും ഒരു വര്‍ഷത്തേക്ക് സ്ഥലംമാറ്റം മാറ്റിവയ്ക്കണമെന്ന അപേക്ഷ നല്‍കാനാണ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ചത്. അപേക്ഷ നല്‍കിയെങ്കിലും ഇതു കണക്കിലെടുക്കാതെ സ്ഥലം മാറ്റി ഉത്തരവിറക്കിറക്കിയതിനെതിരേയാണ് ഉദ്യോഗസ്ഥ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."