പോകുന്നിടത്തൊക്കെ സ്പെഷല്‍ ബ്രാഞ്ച്; അതൃപ്തി അറിയിച്ച് കെ. സുരേന്ദ്രന്
സ്വന്തം ലേഖകന്‍
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗങ്ങളിലെ സ്പെഷല്‍ ബ്രാഞ്ച് പൊലിസിന്റെ സാന്നിധ്യം വിവാദമായി. 27ന് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഇവിടങ്ങളിലെ യോഗങ്ങളുടെയും മറ്റും ചിത്രങ്ങളും വിഡിയോയും പൊലിസ് പകര്‍ത്തുകയും ചെയ്തു.
തന്റെ പിന്നാലെ എല്ലാ യോഗങ്ങളിലും മഫ്തി പൊലിസ് എത്തിയത് സുരേന്ദ്രന് ചോദ്യം ചെയ്തു. യോഗത്തിന്റെ ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയ പൊലിസുകാരനെയാണ് സുരേന്ദ്രന് അതൃപ്തി അറിയിച്ചത്. കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ട് വിഡിയോ പകര്ത്തുന്നില്ലെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.
ആദ്യ യോഗം തിരുവല്ലയിലെ പെരിങ്ങരയിലായിരുന്നു. ഇവിടം മുതല്‍ സ്പെഷല്‍ ബ്രാഞ്ച് അദ്ദേഹത്തെ പിന്തുടര്ന്നു. കുറ്റൂര്‍ ശബരി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്കിടെയാണ് സുരേന്ദ്രന് പൊലിസുകാരുടെ സാന്നിധ്യം ശ്രദ്ധിച്ചത്. വേദി വിട്ടിറങ്ങി വന്നപ്പോഴാണ് ഉദ്യോഗസ്ഥനോട് സുരേന്ദ്രന് അതൃപ്തി അറിയിച്ചത്.
പൊതുയോഗമാണെങ്കിലും പാര്‍ട്ടിയുടെ യോഗമാണെങ്കിലും പൊലിസ് നിരീക്ഷിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലിസ് പിന്തുടര്‍ന്നതിലുള്ള അതൃപ്തി ബി.ജെ.പി നേതൃത്വം സര്‍ക്കാരിനെ അറിയിക്കും. ഇക്കാര്യം ഗൗരവമായെടുക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."