പുനരധിവാസത്തിന് പദ്ധതികളുമായി ജില്ലാ ഭരണകൂടം
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയിലും ഉരുള്‍പ്പൊട്ടലിലും ഗതാഗത സൗകര്യങ്ങളും കുടിവെളള ശൃഖലകളും തകര്‍ന്ന സുഗന്ധഗിരിയുടെ പുനരുദ്ധാരണം വേഗത്തിലാക്കാന്‍ നടപടിയുമായി ജില്ലാ ഭരണകൂടം. സുഗന്ധഗിരി മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
അതിതീവ്ര മഴക്കും പ്രളയത്തിനും ശേഷം വയനാട്ടിലെ ആദ്യ ഏലം പ്ലാന്റേഷനായ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ട് പദ്ധതിയില്‍ ഭൂമി പതിച്ചു കിട്ടിയ കുടുംബങ്ങളുടെ പരാധീനത സംബന്ധിച്ച് കഴിഞ്ഞദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
യോഗത്തില്‍ അമ്പ, ആറാം ഡിവിഷന്‍ എന്നിവടങ്ങളിലുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ ഉടന്‍ തുടങ്ങാന്‍ തീരുമാനിച്ചു. കനത്തമഴയില്‍ ഒലിച്ചുപോയ പാലങ്ങളും പുനഃസ്ഥാപിക്കും. റോഡിന്റെ വശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുരക്ഷാമതിലുകളും പണിയാനും തീരുമാനമായി. ട്രൈബല്‍ വകുപ്പിന്റെ ഡി.ആര്‍.ഡി.എം ഫണ്ട് ഇതിനായി ഉപയോഗിക്കും. ഇക്കാര്യങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി.
പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവരുടെ പുനരധിവാസവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും ഉടന്‍ സ്വീകരിക്കും. വനം വകുപ്പ് അനുവദിച്ച നാല്‍പത് ഏക്കര്‍ ഭൂമിയിലെ സുരക്ഷിത സ്ഥങ്ങളിലേക്ക് കുടുംബങ്ങളെ കാലതാമസമില്ലാതെ പുനരധിവസിപ്പിക്കും. അതോടൊപ്പം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തും. തകര്‍ന്ന കുടിവെള്ള പൈപ്പുകള്‍ മാറ്റി മുഴുവന്‍ കുടുംബങ്ങള്‍ക്കും വെള്ളം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യുന്നതിന് ജില്ലാ സപ്ലെ ഓഫിസര്‍ മുഖേന നടപടി സ്വീകരിക്കും. പ്രദേശത്തെ കുടുംബങ്ങളുടെ ഉപജീവനം ലക്ഷ്യമാക്കി തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും യോഗത്തില്‍ തീരുമാനമായി.
മഴക്കെടുതിയില്‍ ക്യാംപില്‍ കഴിഞ്ഞവര്‍ക്കുള്ള ദുരിതാശ്വാസ ധനസഹായം ഇനിയും ലഭ്യമാകാത്തവര്‍ക്ക് നാല് ദിവസത്തിനകം ആനുകൂല്യം വിതരണം ചെയ്യും. കന്നുകാലികളെ വാങ്ങാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ക്ഷീര വികസന ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മേഖലയില്‍ വൈദ്യുതി വിതരണം നടത്തുന്നതിനുളള സമഗ്ര പാക്കേജിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കെ.എസ്.ഇ.ബിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുഗന്ധഗിരിയെ വീണ്ടെടുക്കാനുള്ള സമഗ്രമായ പദ്ധതികളാണ് വിവിധ വകുപ്പുകള്‍ ലക്ഷ്യമിടുന്നത്.
തൊഴില്‍ ലഭ്യമാക്കാനുള്ള സംരംഭങ്ങളും ഇവിടെ ആസൂത്രണം ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വന്യമൃഗശല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ ആലോചിക്കും. എ.ഡി.എം കെ.അജീഷ്, സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."