ഡീസല്‍ വിലവര്‍ധ; ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു
തലശ്ശേരി: ഡീസല്‍ വില വര്‍ധന നിയന്ത്രണം ഇല്ലാതെ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നു സ്വകാര്യബസുകള്‍ പലതും സ്റ്റോപ് മെമ്മോ നല്‍കി സര്‍വിസ് നിര്‍ത്തിവയ്ക്കുന്നു. തലശ്ശേരിയില്‍ മാത്രം നേരത്തെ 900 സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയിരുന്നെങ്കിലും നിലവില്‍ 500നു താഴെ ബസുകളാണു സര്‍വിസ് നടത്തുന്നത്.
ട്രിപ്പ് നടത്തുന്ന ബസുകളുടെ പ്രതിദിന വരുമാനത്തില്‍ 3000 രൂപയോളം കുറവ് വന്നുവെന്നു ഉടമകള്‍ പറയുന്നു. ശരാശരി കണക്ക് കൂട്ടിയാല്‍ പ്രതിമാസം 90,000 രൂപയോളമാണു ഡീസല്‍ ഇനത്തില്‍ മാത്രം ബസുടമയ്ക്കു പ്രാദേശിക റൂട്ടുകളില്‍ സര്‍വിസ് നടത്തുന്നവര്‍ക്കു മാത്രമായി നഷ്ടം സംഭവിക്കുന്നത്. ഇതേതുടര്‍ന്നു നാടന്‍ പലിശക്കാരില്‍ നിന്നു പണം കടംവാങ്ങിയവര്‍ നില്‍ക്ക കള്ളിയില്ലാതെ നാടുവിട്ട സംഭവങ്ങളും ഇതിനകം തന്നെ തലശ്ശേരിയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ മുമ്പ് 3000ത്തോളം ബസുകളാണു സര്‍വിസ് നടത്തിയിരുന്നതെങ്കില്‍ പുതിയ വ്യവസ്ഥയില്‍ സര്‍വിസ് രണ്ടായിരത്തില്‍ താഴെയായി ചുരുങ്ങിയിട്ടുണ്ട്. മാര്‍വാടികളില്‍ നിന്നും മറ്റ് സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്ത് ബസ് വ്യവസായത്തിലേക്കു കടന്നുവന്നവരെല്ലാം തന്നെ നിലനില്‍പിനായുള്ള വഴികള്‍ തേടുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഇത്തരത്തില്‍ വ്യവസായം നടത്തുന്നവര്‍ നാടന്‍ ബ്ലേഡുകാരില്‍ നിന്നും പ്രതിദിന പലിശയ്ക്കു പണം കടംവാങ്ങി സര്‍വിസ് നടത്തുന്നത്.
വൈകിട്ട് ട്രിപ്പ് അവസാനിപ്പിച്ച് പലിശയ്ക്കു പണം നല്‍കിയവര്‍ പണംതിരിച്ച് വാങ്ങാന്‍ ബസ്സ്റ്റാന്‍ഡില്‍ എത്തുന്നതോടെ തെറിവിളിയിലേക്കു കാര്യങ്ങള്‍ നീങ്ങുകയും തുടര്‍ന്നു സര്‍വിസ് നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. ഡീസല്‍ വില വര്‍ധന യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്ന പക്ഷം മിക്ക ബസ് സര്‍വിസുകളും സ്റ്റോപ്പ് മെമ്മോ നല്‍കി സര്‍വിസ് നിര്‍ത്തിവച്ചേക്കുമെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."