സഊദിയിൽ ബൈക്കിലെത്തിയ കവർച്ച സംഘത്തിന്റെ വെടിയേറ്റ മലയാളി ആശുപത്രിയിൽ
റിയാദ്: സഊദിയിൽ ബൈക്കിലെത്തിയ കവർച്ച സംഘത്തിന്റെ വെടിയേറ്റ മലയാളി ആശുപത്രിയിൽ ചികിത്സയിൽ. തലസ്ഥാന നഗരിയായ റിയാദിലാണ് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിക്ക് അജ്ഞാത സംഘത്തിന്റെ വെടിയേറ്റത്. ഇടത് കയ്യിന് സാരമായി പരിക്കേറ്റ ഇദ്ദേഹം ശുമൈസി ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി സ്‌പോൺസറുടെ വീട്ടിൽ ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്തിന്റെ റൂമിലെത്തിയപ്പോഴാണ് സംഭവം.
അർദ്ധ രാത്രി റൊട്ടി വാങ്ങാൻ കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. റിയാദ് ശിഫയിൽ അറഫാത്ത് റോഡിൽ താമസിക്കുന്ന ഇദ്ദേഹം റൊട്ടി വാങ്ങാൻ സമീപത്തെ കടയിലേക്ക് പോയെങ്കിലും അവിടെ റൊട്ടി ഇല്ലാത്തതിനാൽ അര കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിലെ കടയിലേക്ക് സ്‌കൂട്ടറിൽ പോയി തിരിച്ചു വരികയായിരുന്നു. ഇതിനിടെ സ്‌കൂട്ടറിൽ ഒരാൾ ഇദ്ദേഹത്തെ പിന്തുടർന്ന് നിർത്താൻ ആവശ്യപ്പെട്ടു.
റോഡ് വിജനമായതിനാലും കവർച്ചക്കാരനാണെന്ന സംശയത്താലും നിർത്താതെ പോകുകയായിരുന്ന ഇദ്ദേഹം മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ അക്രമി വെടിവെച്ചെങ്കിലും രക്ഷപെട്ടു. എന്നാൽ, തുടർച്ചയായ വെടിയിൽ ഒന്ന് ഇദ്ദേഹത്തിന്റെ ഇദ്ദേഹത്തിന്റെ ഇടത് കയ്യിൽ പതിച്ചു. ഉടൻ തന്നെ തൊട്ടടുത്ത വീട്ടിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. അവിടെയുള്ളവർ പോലീസിനെ അറിയിച്ചു. തുടർന്ന് ആംബുലൻസിൽ ആദ്യം അൽഈമാൻ ആശുപത്രിയിലും പിന്നീട് ശുമൈസി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."