റമദാന്‍ നോമ്പ്: ഖത്തറിലെ രോഗികള്‍ ഡോക്ടറോട് നിര്‍ദേശം ചോദിക്കണം
ദോഹ: റമദാനില്‍ വ്രതമെടുക്കുന്ന രോഗികള്‍ അതിനുമുമ്പ് ചികിത്സിക്കുന്ന ഡോക്ടറുമായി കൂടിയാലോചന നടത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു. പ്രമേഹം, അതിസമ്മര്‍ദ്ദം, കിഡ്‌നി ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍, അപസ്മാരം എന്നി രോഗങ്ങളുള്ളവര്‍ നിര്‍ബന്ധമായും ഡോക്ടറുമായി കൂടിക്കാഴ്ച നടത്തണം.
ഡോക്ടറുടെ ഉപദേശനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം വ്രതമെടുക്കേണ്ടത്. പ്രതിദിനം മരുന്നു കഴിക്കേണ്ട സാഹചര്യങ്ങളിലുള്ളവര്‍ ഏതൊക്കെ രീതിയില്‍ മാറ്റംവരുത്തണമെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമീകരിക്കണം. തങ്ങളുടെ ആരോഗ്യ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സങ്കീര്‍ണതകളോ ബുദ്ധി മുട്ടുകളോ ഇല്ലാതിരിക്കാനും ഇത് നിര്‍ബന്ധമാണ്.
ഇത്തരം രോഗങ്ങളുള്ള വ്യക്തികള്‍ വ്രതമെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മരുന്നുപയോഗം സംബന്ധിച്ച തങ്ങളുടെ ദിനചര്യയില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ഫാര്‍മസിസ്റ്റിന്റെയോ ഡോക്ടറുടെയോ ഉപദേശം തേടിയിരിക്കണം. മേല്‍നോട്ടമോ ഉപദേശനിര്‍ദേശങ്ങളോ ഇല്ലാതെ മരുന്നുകഴിക്കുന്ന സമയങ്ങളില്‍ മാറ്റം വരുത്തിയാല്‍ അത്തരം മരുന്നുപയോഗം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നു മാത്രമല്ല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും എച്ച്.എം.സി ഫാര്‍മസി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ മൊസ സുലൈമാന്‍ അല്‍ ഹെയ്ല്‍ പറഞ്ഞു.
രോഗികള്‍ പലപ്പോഴും വൈദ്യസഹായം തേടാതെ തന്നെ മരുന്നുകള്‍ കഴിക്കേണ്ട സമയം, അളവ് എന്നിവയില്‍ മാറ്റംവരുത്തുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സ്വഭാവം മരുന്നിന്റെ ഔഷധഗുണങ്ങളെ സ്വാധീനിക്കുകയും മരുന്നുകളുടെ ഫലപ്രാപ്തിയെ ബാധിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. റമദാന്‍ സമയത്ത് നിത്യേന മരുന്നുകള്‍ കഴിക്കേണ്ടിവരുന്ന രോഗികള്‍ അവരുടെ ആരോഗ്യപരിചരണ ടീമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. അവരുടെ നിര്‍ദേശങ്ങള്‍ പ്രകാരം ക്രമീകരണം വരുത്തിയാല്‍ സൂര്യാസ്തമനം മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലായി മരുന്നുകള്‍ കഴിക്കാന്‍ സാധിക്കും.
എന്നാല്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു മുമ്പ് ര രോഗികള്‍ വിദഗ്ദ്ധ വൈദ്യോപദേശം തേടിയിരിക്കണമെന്നും ഡോ. അല്‍ ഹെയ്ല്‍ നിര്‍ദേശിച്ചു. ഈ സാഹചര്യങ്ങളില്‍ നിങ്ങളുടെ ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ശരിക്കും സഹായകമാകും. ഡോസ് ക്രമീകരണങ്ങള്‍ ക്രമപ്പെടുത്താന്‍ അവര്‍ക്ക്‌സാധിക്കും. രോഗികള്‍ റമദാനില്‍ വ്രതമെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണം. രോഗികളുടെ രോഗാവസ്ഥയും രോഗവുമായി ബന്ധപ്പെട്ട മുന്‍കാലചരിത്രവും മനസിലാക്കിയിട്ടുള്ള ഡോക്ടറുടെയോ ഫാര്‍മസിസ്റ്റിന്റെയോ മേല്‍നോട്ടത്തിലായിരിക്കണം ഇത്തരക്കാര്‍ വ്രതമെടുക്കേണ്ടതെന്നും അവര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."