റെയില്‍വേ വികസനത്തിന് എതിരേ തീരദേശവാസികള്‍
അരൂര്‍: തീരദേശ റെയില്‍ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഉടമസ്ഥരുടെ അനുമതിയില്ലാതെ കുമ്പളം മുതല്‍ അരൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ നടക്കുന്ന സ്ഥലമെടുക്കലിനെതിരെ പ്രദേശവാസികള്‍ രംഗത്ത്.
യാതൊരുവിധ മാനദണ്ഡവുമില്ലാതെ ഒരു സുപ്രഭാതത്തില്‍ റയില്‍വേ അധികൃതര്‍ എത്തി തങ്ങളുടെ സ്വത്ത് കയ്യേറുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നാരോപിച്ചാണ് പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് തീരദേശപാതയുടെ ഇരുവശവുമുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് സ്ഥലം ഉടമകളുടെ അനുമിയില്ലാതെ റെയില്‍വേ കുറ്റിയടിക്കുകയും കല്ലിടുകയും ചെയ്തത്.
റെയില്‍വേയുടെ ഈ നടപടിക്കെതിരെ റെയില്‍വേയുടെ ഇരുവശവും താമസിക്കുന്നവര്‍ എഴുപുന്നയില്‍ യോഗം ചേര്‍ന്നു. കേരള സ്റ്റേറ്റ് കോസ്റ്റല്‍ റയില്‍വേ ലാന്റ് യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു യോഗം. സ്ഥലം ഏറ്റെടുക്കുന്നുതുമായി ബന്ധപ്പെട്ട് റെയില്‍വേ സ്വീകരിച്ച നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനങ്ങളോട് കാട്ടുന്ന അനീതിയാണിതെന്നും യോഗം മുന്നറിയിപ്പ് നല്‍കി. റെയില്‍വേ വികസനത്തിന് തങ്ങള്‍ എതിരല്ല. റെയില്‍വേ വികസനം നടത്തണമെങ്കില്‍ വസ്തു ഉടമകളുടെ അനുമതി വാങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇവിടെ യാതൊരുവിധ അനുമതിയും വാങ്ങതെയാണ് വികസന പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള ഒരു പാക്കേജ് തയ്യാറാക്കി നഷ്ടപരിഹാരം നല്‍കണം. റെയില്‍വേയുടെ നിര്‍ദ്ദിഷ്ടസ്ഥലത്തിന് ശേഷമുള്ള 30 മീറ്റര്‍ മരവിപ്പിക്കുന്നത് എടുത്തുകളയുക, ഭൂമി നഷ്ടപ്പെടുന്നവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുക, ഭൂമിയുടെ വില മുന്‍കൂറായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷന്‍ മുന്നോട്ട് വയ്ക്കുന്നത്.
പാവപ്പെട്ട ജനങ്ങളെ പെരുവഴിയിലാക്കികൊണ്ടുള്ള റെയില്‍വേ വികസനത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഇതിന് മുന്നോടിയായി ആഗസ്റ്റ് ഏഴിന് കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എ., എം.പി എന്നിവരുടെ ഒരു യോഗം വിളിക്കാനും യോഗം തീരുമാനിച്ചു.യോഗം പി.ആര്‍ ബൈജു ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇ.ഒ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. കെ.ജി സേവ്യര്‍, എം.വി മത്തായി, ലിജു ബനഡിക്ട്, രേണുക സോമന്‍, സതീദേവി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."