ഫലസ്തീന്‍-ഇസ്‌റാഈല്‍ സമാധാന ചര്‍ച്ച, പരിഹാരം ദ്വിരാഷ്ട്രമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഫലസ്തീന്‍-ഇസ്‌റാഈല്‍ തര്‍ക്കത്തില്‍ വീണ്ടും സജീവമായി ഇടപെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദ്വിരാഷ്ട്ര ഫോര്‍മുലയാണു പരിഹാരമെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നടത്തിയ അഭിപ്രായപ്രകടനത്തില്‍നിന്നു പിന്നോട്ടുപോയ ട്രംപ് ദ്വിരാഷ്ട്ര ഫോര്‍മുലയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്നും കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍-ഇസ്‌റാഈല്‍ വിഷയത്തില്‍ അമേരിക്ക പതിറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന വിദേശനയം തിരുത്തി പുതിയ നിലപാടുമായി കഴിഞ്ഞ വര്‍ഷം ട്രംപ് രംഗത്തെത്തിയിരുന്നു. ഫലസ്തീനും ഇസ്‌റാഈലും അംഗീകരിക്കുകയാണെങ്കില്‍ ഏകരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ട്രംപ് വ്യക്തമാക്കിയത്. എന്നാല്‍, ബുധനാഴ്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിറകെയാണു ദ്വിരാഷ്ട്ര ഫോര്‍മുലയില്‍ ഊന്നി ട്രംപ് ട്വീറ്റ് ചെയ്തത്. യു.എന്‍ പൊതുസഭാ സമ്മേളനത്തിനെത്തിയതായിരുന്നു നെതന്യാഹു. ഏതാനും മാസങ്ങള്‍ക്കകം അന്തിമ സമാധാന കരാര്‍ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നതായും ആദ്യ കാലയളവ് അവസാനിക്കുംമുന്‍പ് തന്നെ തര്‍ക്കങ്ങള്‍ക്ക് അന്തിമ പരിഹാരം കാണുകയെന്ന തന്റെ സ്വപ്നം പൂര്‍ത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യന്‍ പ്രശ്‌ന പരിഹാരത്തിനായി പതിറ്റാണ്ടുകളായി അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുലയാണ് ഫലസ്തീനും ഇസ്‌റാഈലിനും സ്വതന്ത്ര രാഷ്ട്രങ്ങളാകുക എന്നത്. 1967ലെ വെടിനിര്‍ത്തല്‍ കരാറിനു മുന്‍പുള്ള വെസ്റ്റ് ബാങ്ക്, ഗസ്സ മുനമ്പ്, കിഴക്കന്‍ ജറൂസലം എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവും തൊട്ടപ്പുറത്തായി ഇസ്‌റാഈലും രൂപീകരിക്കുകയാണ് ഫോര്‍മുല മുന്നോട്ടുവയ്ക്കുന്നത്.
2014നുശേഷം പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ച അവസ്ഥയിലാണുള്ളത്. അതിനിടെ, തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് ഇസ്‌റാഈല്‍ തലസ്ഥാനം മാറ്റിയ നടപടി സമാധാന ചര്‍ച്ചകള്‍ പൂര്‍ണമായും അസാധ്യമാക്കി. നടപടിയെ പിന്താങ്ങി അമേരിക്ക തങ്ങളുടെ എംബസി ജറൂസലമിലേക്കു മാറ്റിസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതോടെ അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ഒരു തരത്തിലുമുള്ള സമാധാന ചര്‍ച്ചയ്ക്കും തങ്ങളില്ലെന്ന് ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അധികാരത്തിലേറിയ ശേഷം പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ നിലപാടുകള്‍ മാറ്റിക്കളിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. 2017 ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ നെതന്യാഹുവുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ദ്വിരാഷ്ട്ര-ഏകരാഷ്ട്ര പരിഹാര ഫോര്‍മുലകളെ ഒരുപോലെ പിന്താങ്ങുന്നതായി അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഇരുരാഷ്ട്രങ്ങളും ഇഷ്ടപ്പെടുന്ന ഏതു പരിഹാരത്തിനും തയാറാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍, ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടു നടത്തിയ പ്രഖ്യാപനത്തില്‍ അമേരിക്ക ദ്വിരാഷ്ട്ര പരിഹാരത്തെ പിന്താങ്ങുന്നതായും ട്രംപ് പറഞ്ഞു.
എന്നാല്‍, അമേരിക്കയുടെ പ്രവൃത്തികള്‍ അവരുടെ വാക്കിനുവിരുദ്ധമായാണുള്ളതെന്ന് അടുത്തിടെ അടച്ചൂപൂട്ടിയ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫിസിലെ വക്താവ് ഹുസാം സുംലോത്ത് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള എല്ലാ സാധ്യതയും അടച്ചുകളയുന്ന തരത്തിലാണ് അവരുടെ ഇടപെടലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ട്രംപിന്റെ പ്രസ്താവനയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും തങ്ങളെ ആക്രമിക്കാതെയുള്ള ഫലസ്തീന്റെ സ്വയം ഭരണത്തിനു താന്‍ അനുകൂലമാണെന്നും നെതന്യാഹു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."