അടുത്ത് പെട്രോള്‍ പമ്പ്; നാട്ടുകാരെ ഭീതിയിലാഴ്ത്തി തീപിടുത്തം: ഒരാള്‍ വെന്തുമരിച്ചു
കാട്ടാക്കട: അടുത്ത് പെട്രോള്‍ പമ്പ്, തീ ആളിപടരുന്നു. ഇന്നലെ പേഴുമൂട്ടുകാര്‍ അനുഭവിച്ചത് ഭീതിയുടെയും ആശങ്കയുടേയും മുള്‍മുന. തീ അകത്തു പടരുമ്പോഴും പ്രാണന്‍ പൊലിയുന്ന വേദനയില്‍ നിലവിളിക്കുന്ന സുരേന്ദ്രന്‍ നായരെ രക്ഷപ്പെടുത്താനാകാതെ നാട്ടുകാരും.
ഇന്നലെ പുലര്‍ച്ചെ നടുക്കവുമായാണ് ഉറക്കംവിട്ട് നാട്ടുകാര്‍ ഏണീറ്റത്. ഉറക്കമിളച്ച് വീട്ടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന മകളുടെ വിളിയും ബഹളവും കേട്ടാണ് വാവറക്കോണം കാവുകുഴിവീട്ടില്‍ ശിവരാജന്‍ ഞെട്ടിയുണര്‍ന്നത്. വീടിനോട് ചേര്‍ന്നുള്ള പൂരം വ്യാപാര സ്ഥാപനത്തിനുള്ളില്‍ നിന്ന് കള്ളന്‍, കള്ളനെന്ന വിളികേട്ടതായി ഭയന്നുവിറച്ച മകള്‍ പറഞ്ഞു.
ഉറക്കത്തിലായിരുന്ന മകനെയും അയല്‍വാസികളെയും വിളിച്ചുണര്‍ത്തി കമ്പിപ്പാരയും മറ്റുമായി കള്ളനെ നേരിടാനെത്തിയ ശിവരാജനും കുടുംബത്തിനും തീ ആളിപ്പടര്‍ന്ന കടയ്ക്കുള്ളില്‍ നിന്ന് സുരേന്ദ്രന്‍നായരുടെ പ്രാണന്‍ പിളരുന്ന രോദനമാണ് കേള്‍ക്കാനായത്. അതോടെ കടയില്‍ തീ പടരുന്നതായി ഉറപ്പിച്ചു. ഇതിനിടെ ഉഗ്രശബ്ദം കേട്ടതോടെ നാട്ടുകാരും എണീറ്റു. ഈ സ്ഥാപനത്തിന് അടുത്താണ് പെട്രോള്‍ പമ്പ്. അതിന്റെ അടുത്തേയ്ക്ക് എത്തുമോ എന്ന ആശങ്ക എല്ലാവരിലും വ്യാപിച്ചു.
ഫോണില്‍ വിളിച്ച് ഇവര്‍ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. അതിനിടെ രക്ഷാപ്രവര്‍ത്തനവും തുടങ്ങി. കടയുടെ മുന്‍വശത്ത് ഉറങ്ങികിടക്കുകയായിരുന്ന സെയില്‍സ്മാന്‍ കണ്ണനെയാണ് ആത്മരക്ഷാര്‍ഥം സുരേന്ദ്രന്‍ നായര്‍ വിളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ തീപിടിത്തത്തിന്റെയും പൊട്ടിത്തെറിയുടെയും ശബ്ദകോലാഹലങ്ങളില്‍ സുരേന്ദ്രന്‍നായരുടെ പ്രാണരോദനം ക്രമേണ ഇല്ലാതായി.
ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയെത്തിയ ശിവരാജനും കൂട്ടരും കടയ്ക്കുള്ളിലാകെ വ്യാപിച്ച തീകെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തീ പടര്‍ന്നു പിടിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി. പെട്ടെന്നാണ് കണ്ണനും സജീവും കടയ്ക്കുള്ളിലുണ്ടാകുമെന്ന് ഇവര്‍ക്ക് തോന്നിയത്.
കടയ്ക്ക് മുന്നിലെത്തുമ്പോള്‍ തീപിടിച്ചതറിയാതെ മുന്‍വശത്ത് ഉറക്കത്തിലായിരുന്നു അവര്‍. ഗ്രില്ലിനുള്ളിലൂടെ അവരെ തട്ടിയുണര്‍ത്തി പൂട്ട് പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. ഇതിനിടെ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിളിച്ചു. കാട്ടാക്കട നിന്നും എത്തിയ യൂണിറ്റിന് കൈകാര്യം ചെയ്യാനാകില്ല എന്നു വന്നതോടെ നെടുമങ്ങാട്, വിതുര, നെയ്യാര്‍ഡാം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ യൂനിറ്റുകളും സ്ഥലത്തെത്തി.
അവര്‍ എത്തി തീ നിയന്ത്രണവിധേയമാക്കിയപ്പോള്‍ സമയം പുലര്‍ച്ചെ 3.30. തീ അണച്ച് ഫയര്‍ഫോഴ്‌സുകാര്‍ അകത്തു കയറുമ്പോഴാണ് ആളിപ്പടര്‍ന്ന അഗ്നിനാളങ്ങളെ മറികടക്കാനാകാത്ത സുരേന്ദ്രന്‍നായര്‍ മരണത്തിന് കീഴടങ്ങിയത്.
പൂര്‍ണമായും കത്തി കരിഞ്ഞ ജഡമാണ് കാണാന്‍ കഴിഞ്ഞത്. കടയിലെ സെയില്‍സ്മാനും സെക്യൂരിറ്റിയുമായി ജോലി നോക്കിവരികയായിരുന്നു സുരേന്ദ്രന്‍നായര്‍.
തീപിടിത്തതില്‍ ശിവരാജന്റെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു. ഭിത്തിക്കും ചെറിയ പൊട്ടലുകളുണ്ടായിട്ടുണ്ട്. സംഭവമുണ്ടായി മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ശിവരാജന്‍ ഇപ്പോഴും മുക്തനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."