തെക്കന്‍ തമിഴ്‌നാട് കൊടിയ വരള്‍ച്ചയിലേയ്ക്ക്
തൊടുപുഴ: മുല്ലപ്പെരിയാര്‍ ജലം കിട്ടാതായതോടെ തെക്കന്‍ തമിഴ്‌നാട് കൊടിയ വരള്‍ച്ചയിലേയ്ക്ക് നീങ്ങുന്നു. ഈ നിലതുടര്‍ന്നാല്‍ ഇതുവരെ കാണാത്ത ഉണക്കിനു ഈ മേഖല സാക്ഷ്യംവഹിക്കേണ്ടി വരും. 111.5 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഈ സീസണില്‍ ജലനിരപ്പ് ഇത്ര താഴുന്നത് ആദ്യമാണ്. കുടിവെള്ള ആവശ്യത്തിന് മാത്രമാണ് ഇപ്പോള്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ജലം എടുക്കുന്നത്. സെക്കന്റില്‍ 100 ഘന അടിയാണ് തുറന്നു വിട്ടിട്ടുള്ളത്. നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ വൈകാതെ ഈ അളവും തമിഴ്‌നാടിനു കുറയ്‌ക്കേണ്ടി വരും. ലോവര്‍ ക്യാമ്പ് പവര്‍ ഹൗസ് മാസങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടി.
ചാറ്റല്‍മഴ മാത്രമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു ലഭിക്കുന്നത്. വെള്ളം ലഭ്യത കുറഞ്ഞതോടെ തെക്കന്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ തേനി ജില്ലയില്‍ മാത്രം ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ കുടിനീരിനായി അലയുമെന്നുറപ്പാണ്. നഗര- ഗ്രാമ പ്രദേശങ്ങള്‍ ഒരു പോലെ തന്നെ കൊടുംവരള്‍ച്ചയുടെ പിടിയിലേക്ക് നീങ്ങുകയാണ്.
ഗൂഡല്ലൂര്‍, കമ്പം മുനിസിപാലിറ്റികളിലും ഉത്തമപ്പാളയം, കെ.കെ പെട്ടി, തേവാരം മേഖലകളിലെ എല്ലാ ഗ്രാമപ്രദേശങ്ങളിലും മുല്ലപ്പെരിയാര്‍ ജലമാണ് ഉപയോഗിക്കുന്നത്. അതിര്‍ത്തിയിലെ ലോവര്‍ ക്യാംപില്‍ നിന്നും പൈപ്പുകള്‍ സ്ഥാപിച്ചാണ് വിതരണം നടത്തുന്നത്. ചിന്നമന്നൂര്‍, വീരപ്പാണ്ടി, കോട്ടൂര്‍ ഗ്രാമങ്ങളിലും തേനി നഗരത്തിലും ഉള്‍പ്പടെ പമ്പ് ഹൗസുകള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ചാണ് വെള്ളം വിതരണം ചെയ്യുന്നത്.
മുല്ലപ്പെരിയാര്‍ ജലം പൂര്‍ണമായും നിലച്ചാല്‍ തേനി ജില്ലയിലെ 80 ശതമാനം പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കാതാകും. ഇവിടുത്തെ കിണറുകളില്‍ നിന്ന് പിന്നീട് ലഭിക്കുക ഉപ്പുകലര്‍ന്ന ജലമായിരിക്കും. പെരിയകുളത്ത് മാത്രമാണ് ഇപ്പോള്‍ ശുദ്ധജലം ലഭിക്കുന്നത്. ഇവിടെ കൊടൈക്കനാലില്‍ നിന്നുമാണ് കുടിവെള്ളം എത്തിക്കുന്നത്.
തമിഴ്‌നാട്ടിലെ നെല്‍ കൃഷി ഉള്‍പ്പടെയുള്ള കാര്‍ഷിക മേഖല ഏതാണ്ട് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. മുല്ലപ്പെരിയാര്‍ ജലത്തെ ആശ്രയിച്ച് രണ്ടാം കൃഷിയിറക്കിയ നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു.
തേനി ജില്ലയില്‍ 17707 ഏക്കര്‍ സ്ഥലത്താണ് ഇരുപ്പു കൃഷിയിറക്കിയത്. ഇതില്‍ കമ്പം, ഗൂഡല്ലൂര്‍, ഉത്തമപ്പാളയം ചിന്നമന്നൂര്‍ പ്രദേശത്ത് നെല്‍ വിളഞ്ഞു തുടങ്ങിയിട്ടേയുള്ളൂ.
വെള്ളം ലഭ്യത കുറഞ്ഞതോടെ ഏക്കര്‍കണക്കിന് പ്രദേശത്ത് കൃഷി കരിഞ്ഞുണങ്ങിത്തുടങ്ങി. ഇതോടെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
തേക്കടി ടൂറിസവും ആശങ്കയില്‍
തൊടുപുഴ: തേക്കടിയില്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെടാത്തതാണ് തേക്കടി ഉള്‍പ്പെടുന്ന വിനോദ സഞ്ചാര മേഖലയെ ആശങ്കയിലാക്കുന്നത്. മഴയും തണുപ്പും ആസ്വദിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്താറുണ്ട്. ഏതാനും വര്‍ഷങ്ങളായി ഈ സീസണില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പതിവായി നിരവധി സഞ്ചാരികള്‍ എത്തിയിരുന്നു.എന്നാല്‍ ഇക്കുറി അറബികളായ സഞ്ചാരികള്‍ നാമമാത്രമാണ്.
കടുത്ത വേനല്‍ ചൂടിന് പിന്നാലെ തെരഞ്ഞെടുപ്പ്് കാലം എത്തിയത് ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം കുറച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."