യുവതിയെ ഭര്‍ത്താവ് കുത്തിയ സംഭവം: പൊലിസിനെതിരേ എ.ഐ.വൈ.എഫ്
തിരൂര്‍: മൂന്നുമക്കളുടെ മാതാവായ യുവതിയെ ഭര്‍ത്താവ് നടുറോഡില്‍ കത്തികൊണ്ട് കുത്തിവീഴ്ത്തിയ സംഭവത്തില്‍ പൊലിസിനെതിരേ വിമര്‍ശനവുമായി ഭരണപക്ഷ യുവ സംഘടന.
കോലൂപ്പാലം മുസ്ല്യാരങ്ങാടിയില്‍ താജുന്നീസ (26) യെ ഭര്‍ത്താവ് സിദ്ദീഖ് കുത്തി വീഴ്ത്തിയ സംഭവത്തിനിടയാക്കിയത് തിരൂര്‍ പൊലിസിന്റെ വീഴ്ച കാരണമെന്ന് എ.ഐ.വൈ.എഫ് തിരൂര്‍ മണ്ഡലം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തനിക്ക് ഭര്‍ത്താവില്‍നിന്ന് വധഭീഷണിയുണ്ടെന്ന് യുവതി പരാതി നല്‍കിയിരുന്നെങ്കിലും പൊലിസ് ഗൗനിച്ചില്ല. ഇടതു സര്‍ക്കാരിന്റെ സത്രീസുരക്ഷാ നയത്തിന് വിരുദ്ധമായാണ് തിരൂര്‍ പൊലിസിന്റെ സമീപനമെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സ്ത്രീ സംരക്ഷണത്തിനായി എ.ഐ.വൈ.എഫ് പ്രത്യേക സെല്ല് രൂപീകരിച്ച് അവര്‍ക്ക് സൗജന്യ നിയമ സഹായം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് തിരൂര്‍ പൊലിസ് പ്രതികരിച്ചു.
പരാതി കിട്ടിയ ഉടന്‍ പ്രതിയെ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നുവെന്നും അക്രമം നടത്തിയ ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചുവെന്നും എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."