പ്ലാസ്റ്റിക് കത്തിച്ച സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു
ഫറോക്ക്: മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ടു ഫറോക്ക് പൊലിസ് അന്വേഷണം ആരംഭിച്ചു. ഫറോക്ക് നഗരസഭക്കു കീഴില്‍ ചന്തക്കടവില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ തീയിട്ടതാണ് വിവാദമായത്. നഗരസഭാധികൃതര്ക്കതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു എസ്.എന്‍.ഡി.പി യോഗം ഫറോക്ക് മേഖല കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് പരാതി നല്‍കിയിരുന്നത്.
പരാതി ഫയലില്‍ സ്വീകരിച്ച പൊലിസ് സംഭവസ്ഥലം പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ടു നഗരസഭ ഓഫിസിലെത്തി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടിയുണ്ടാവുക. പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതിനെതിരേ സംസ്ഥാന പൊലിസ് മേധാവികളുടെ സര്‍ക്കുലര്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ക്കും എസ്.എന്‍.ഡി.പി യോഗം പരാതി നല്‍കിയിട്ടുണ്ട്.
പ്രത്യേകം പരിശീലനം സിദ്ധിച്ച ഹരിത കര്‍മ്മസേന നഗരസഭയിലെ 38 ഡിവിഷനുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു കയറ്റിയയക്കുന്നതിനാണ് എം.എസി.എഫ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇവിടെ ചാക്കു കണക്കിനു പ്ലാസ്റ്റിക് മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിനടുത്ത് വെച്ചാണ് കഴിഞ്ഞ ദിവസം അങ്ങാടികളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങള്‍ക്ക് തീയിട്ടത്. വന്‍ അപായ ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ പ്ലാസ്റ്റിക് കൂമ്പാരത്തിനു സമീപത്തു തീയിട്ടതില്‍ നഗരസഭാധികൃതര്‍ക്ക് ഗുരുതര വീഴ്ചയാണുണ്ടായതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."