മടപ്പള്ളി കോളജ് അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തും
വടകര: മടപ്പള്ളി കോളജില്‍ നടന്ന എസ്.എഫ്.ഐ അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ വടകര താലൂക്ക് ഓഫിസില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. കോളജിലെ അച്ചടക്കം തകര്‍ന്നതായും യൂനിയന്‍ ഓഫിസുകളില്‍ ആയുധങ്ങള്‍ സംഭരിച്ചു വച്ചതായും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളജ് എജ്യുക്കേഷന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
കോളജില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടകള്‍ സ്വീകരിക്കും. പൊലിസിന്റെ നിതാന്ത ജാഗ്രത കോളജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉണ്ടാകണമെന്നും യോഗത്തില്‍ ധാരണയായി. അക്രമത്തെക്കുറിച്ച് സമഗ്രാന്വേഷണവുമായി മുന്നോട്ടുപോകുമ്പോള്‍ തന്നെ കോളജിന്റെ നിലവാരം തകരാതിരിക്കാനുള്ള ശ്രമം ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു.
അതേസമയം സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തില്‍ എല്ലാവരെയും വിളിച്ചിരുന്നുവെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും യോഗ തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പെണ്‍കുട്ടികളെ അക്രമിച്ച സംഭവം ഗുരുതരമാണെന്നും ഇതുസംബന്ധിച്ച് ഒരു തീരുമാനം യോഗത്തില്‍ വേണമെന്നുമുള്ള യു.ഡി.എഫ് പ്രതിനിധികളുടെ ആവശ്യത്തിനു സമഗ്രാന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. കോളജില്‍ അക്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പ്രിന്‍സിപ്പല്‍ ഗുരുതരവീഴ്ച വരുത്തിയിട്ടുണ്ടെന്ന് യോഗത്തില്‍ പരാതികള്‍ ഉയര്‍ന്നു. നാട്ടുകാരെ അക്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായ പ്രതികളില്‍ ഒരാളെ മാത്രമാണു സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും ബാക്കി രണ്ടു പേര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നും യോഗത്തില്‍ നിരവധി പേര്‍ ചൂണ്ടിക്കാട്ടി.
കോളജില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനു നടപടിയെടുക്കാത്ത പ്രിന്‍സിപ്പലിനെതിരേ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ചിലരുടെ പാവ മാത്രമായി പ്രിന്‍സിപ്പല്‍ മാറിയെന്നും പരാതികള്‍ ഉയര്‍ന്നു. കോളജില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് നീതി ഉറപ്പുവരുത്തുന്നതില്‍ പ്രിന്‍സിപ്പല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തില്ല. അക്രമത്തിനു വിധേയരായവരെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സി.കെ നാണു എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ആര്‍.ഡി.ഒ എം. അബ്ദുറഹിമാന്‍, തഹസില്‍ദാര്‍ പി.കെ സതീഷ് കുമാര്‍, മടപ്പള്ളി കോളജ് പ്രിന്‍സിപ്പല്‍ കെ. മീര, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സി വടകര, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു, ഒ.കെ കുഞ്ഞബ്ദുല്ല, സുനില്‍ മടപ്പള്ളി, ടി.കെ രാജന്‍, അഡ്വ. രാജേഷ് കുമാര്‍, എ.ടി ശ്രീധരന്‍, ടി.എന്‍.കെ ശശീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."