ലോകകപ്പ് ക്രിക്കറ്റില്‍ വാണവരും വീണവരും
ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കാനിരിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ എല്ലാ ടീമുകളും ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മഴ കാരണം ഏതാനും മത്സരം റദ്ദാക്കുകയും ചെയ്തു. 45 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്രതീക്ഷിക്കാത്ത പലരും നേട്ടമുണ്ടാക്കി. നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷിച്ച പലരും പൂജ്യരായി മടങ്ങി. ആരൊക്കെയാണ് ഇതുവരെയുള്ള മത്സരത്തില്‍ വീണവരും വാണവരും എന്ന് നോക്കാം.
ഡേവിഡ് വാര്‍ണര്‍
പന്തു ചുരുണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ടീമില്‍നിന്ന് പുറത്തുപോയ വാര്‍ണറുടെ ഗംഭീര മടങ്ങിവരവിനാണ് ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചത്. ആദ്യ മത്സരങ്ങളില്‍ താന്‍ ബാറ്റ് ചെയ്യുമ്പോള്‍ കൂകിവിളിച്ച അതേ കാണികളെക്കൊണ്ടു തന്നെ പിന്നീടുള്ള മത്സരങ്ങളിലെ പ്രകടന മികവുകൊണ്ട് കൈയടിപ്പിച്ചു ഈ പ്രതിഭ. ഇതുവരെ കളിച്ച ഒന്‍പതു മത്സരങ്ങളില്‍നിന്നായി മൂന്നു സെഞ്ചുറികള്‍ ഉള്‍പ്പെടെ 638 റണ്‍സാണ് വാര്‍ണറിന്റെ സമ്പാദ്യം.
ഷാക്കിബ് അല്‍ഹസന്‍
ഷാക്കിബിന്റെ കളി കണ്ടവരെല്ലാം മനസില്‍ ഒരുപാടു തവണ പറഞ്ഞിട്ടുണ്ടാകണം- ഇയാള്‍ മറ്റേതെങ്കിലും ടീമിലായിരുന്നെങ്കില്‍ എന്ന്. ബംഗ്ലദേശ് എന്ന കുഞ്ഞന്‍ ടീമിനെ സ്വന്തം ചുമലിലേറ്റുകയായിരുന്നും ഈ പ്രതിഭ. ബാറ്റ് കൊണ്ടും ബോളുക്കൊണ്ടും തനിക്കു ചെയ്യാവുന്നതിന്റെ പരമാവധി അയാള്‍ ചെയ്തു. ബംഗ്ലാ കടുവകള്‍ സെമി കണ്ടില്ലെങ്കിലും ഒരുപാടു റെക്കോര്‍ഡുമായാണ് ഷാക്കിബ് ലോകകപ്പിനോടു വിടപറയുന്നത്. ഒരു ലോകകപ്പില്‍ 50 റണ്‍സിനു മുകളില്‍ ഏഴുതവണ സ്‌കോര്‍ ചെയ്ത താരം എന്ന ബഹുമതി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുള്‍ക്കറിനൊപ്പം പങ്കുവയ്ക്കപ്പെടുക. ലോകകപ്പ് ചരിത്രത്തില്‍ 600 റണ്‍സിനുമുകളില്‍ സ്‌കോര്‍ചെയ്യുന്ന മൂന്നാമത്തെ താരം. ലോകകപ്പുകളില്‍ 1000 റണ്‍സും 30 വിക്കറ്റും എന്ന നേട്ടം സ്വന്തമാക്കിയ ഏക താരം, ഒരു ലോകകപ്പില്‍ 600 റണ്‍സും പത്തു വിക്കറ്റും നേടുന്ന ആദ്യ താരം ഇങ്ങനെ പോകുന്ന ആ റെക്കോര്‍ഡ് നിര.
രോഹിത് ശര്‍മ
ലോകകപ്പ് തുടങ്ങുന്നതിനു മുന്‍പു എല്ലാം കണ്ണുകളും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയിലായിരുന്നു. എന്നാല്‍ തുടങ്ങിയതിനു ശേഷം രോഹിതിന്റെ തേരോട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരു ലോകകപ്പില്‍ ഏറ്റവും അധികം സെഞ്ചുറികള്‍ നേടുന്ന താരമായി രോഹിത്. ഇതിനോടകം അഞ്ചു സെഞ്ചുറികള്‍ നേടി രോഹിത്. രണ്ടു ലോകകപ്പുകളില്‍ നിന്നായി ആറു സെഞ്ചുറികളുമായി ലോകകപ്പുകളില്‍ കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ സച്ചിനൊപ്പം എത്തി. ഇതിനോടകം നേടിയത് 647 റണ്‍സ്.
മിച്ചല്‍ സ്റ്റാര്‍ക്ക്
പരുക്കിനെ തോല്‍പ്പിച്ച് മടങ്ങിവന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരങ്ങളില്‍ ആസ്‌ത്രേലിയന്‍ മുന്‍ താരം ഗ്ലെന്‍ മഗ്രോയുടെ റെക്കോഡിനൊപ്പമെത്തി. ഇതിനോടകം നേടിയത് 26 വിക്കറ്റുകള്‍.
മുഹമ്മദ് ഷമി
ഭുവനേശ്വര്‍ പരുക്കേറ്റ് പുറത്തു പോയപ്പോള്‍ കിട്ടിയ അവസരം ശരിക്കും ഷമി മുതലാക്കി. ഒരു ഹാട്രിക്ക് ഉള്‍പ്പെടെ 4 മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകള്‍ നേടി.
മുഹമ്മദ് ആമിര്‍
കോഴവിവാദത്തിന് വിരാമമിട്ടുകൊണ്ട് ലോകകപ്പിനെത്തിയ ആമിര്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. എട്ടു മത്സരങ്ങളില്‍ നിന്നായി 17 വിക്കറ്റുകള്‍.
ഷഹീന്‍ അഫ്രീദി
പാക് ടീമിന്റെ ഭാവി വാഗ്ദാനമാണ് ഷഹീന്‍ അഫ്രീദി. അഞ്ചു മത്സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകള്‍ വീഴ്ത്തി.
വീണവര്‍
ക്രിസ് ഗെയ്ല്‍
തന്റെ അവസാന ലോകകപ്പ് കളിക്കാനിറങ്ങിയ ഗെയ്‌ലിന് ഈ ലോകകപ്പ് നിരാശ മാത്രമാണ് നല്‍കിയത്. ഗെയ്‌ലും വിന്‍ഡീസ് ടീമും ഇത്തവണ വളരെ നിറംകെട്ട പ്രകടനമാണ് കാഴ്ചവച്ചത്. പോയിന്റ് ടേബിളില്‍ ഒമ്പതാമതായി എത്താനേ വിന്‍ഡീസിനു കഴിഞ്ഞുള്ളൂ. ഗെയിലാട്ടം കാണാന്‍ എത്തിയവര്‍ക്ക് നിരാശ മാത്രമായി ഈ ലോകകപ്പ്.
ഹാഷിം അംല
ദക്ഷിണാഫ്രിക്കയും അംലയും തീര്‍ത്തും നിറം മങ്ങിയ ലോകകപ്പാണിത്. കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്ന അംല ഇത്തവണ മൊത്തത്തില്‍ ഫോം ഔട്ടായിരുന്നു.
ത്രീഡി അത്ര ഇഫക്ടീവായില്ല.
റായിഡുവിനെ പുറത്തിരുത്തിയാണ് യുവതാരം വിജയ്ശങ്കറിനെ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സെലക്ടര്‍മാര്‍ സൂചിപ്പിച്ചതു പോലെ ശങ്കറിന്റെ ത്രീഡി കളി ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും കണ്ടെത്താന്‍ ത്രീഡി കണ്ണടകള്‍ ഇറക്കിയിട്ടു പോലും ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പരുക്കേറ്റ് ടീമില്‍നിന്ന് പുറത്താവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."