ആന്റണി ബാധ്യതയെന്ന് കെ.എസ്.യു
പാലക്കാട്: എ.കെ ആന്റണി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിന് ബാധ്യതയെന്ന് കെ.എസ്.യു ജില്ലാ പഠനക്യാംപില്‍ അവതരിപ്പിച്ച പ്രമേയം.
മൂന്നുദിവസമായി ഞാങ്ങാട്ടിരി എ.യു.പി സ്‌കൂളില്‍ നടന്നുവന്ന ക്യാംപിലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യം നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ രാഹുല്‍ഗാന്ധിക്കൊപ്പം നില്‍ക്കാതെ കോര്‍പറേറ്റുകളുടെ അടുക്കളക്കാരായ നേതാക്കള്‍ പാര്‍ട്ടിയെ വരിഞ്ഞുമുറുക്കി വിജയസാധ്യത ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഡല്‍ഹിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഇത്തരം മാലിന്യങ്ങളെ പുറന്തള്ളി കോണ്‍ഗ്രസിന്റെ യുവത്വവും ഓജസും വീണ്ടെടുക്കണം.
യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ രീതിയില്‍ മാറ്റംവരണം. അഞ്ചുവര്‍ഷത്തിലേറെയായി പുനഃസംഘടന ഇല്ലാത്തതിനാല്‍ പഴയ കെ.എസ്.യു നേതാക്കള്‍ പെരുവഴിയിലായി. സ്വന്തം പ്രതിച്ഛായക്കും പാര്‍ലമെന്ററി ഇടങ്ങള്‍ക്കുമപ്പുറം സംഘടനയോടൊ പ്രവര്‍ത്തകരോടൊ നീതിപുലര്‍ത്താത്തവരായി നേതാക്കള്‍ മാറി.
പതിറ്റാണ്ടുകള്‍ സംഘടന നല്‍കിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടും ആര്‍ത്തിമാറാത്ത മുതിര്‍ന്ന നേതാക്കന്‍മാര്‍ മാറിച്ചിന്തിക്കണം. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന് ഇനിയെങ്കിലും ഇവര്‍ തിരിച്ചറിയണമെന്നും പ്രമേയം വിശദീകരിക്കുന്നു. സംസ്ഥാന നേതാക്കള്‍ക്ക് നേരെയും വിമര്‍ശനമുയര്‍ന്നു. വിദ്യാര്‍ഥി-യുവജന പ്രവര്‍ത്തകരുടെ ശക്തമായ മുന്നേറ്റവും ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍ ഒറ്റക്കെട്ടായി ദേശീയ താല്‍പ്പര്യത്തിനൊപ്പം നിന്നതിനാലുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് വന്‍ വിജയം നേടിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിരമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പിണറായി വിജയനെന്ന അഭിനവ ഹിറ്റ്‌ലറുടെ ഭരണത്തിലുണ്ടാകുന്ന ഉരുട്ടിക്കൊല, കസ്റ്റഡിമരണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജനകീയ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നതില്‍ ദയനീയ പരാജയമാണ്. ആനുകാലിക വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലും പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചു. എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരേയാണ് കൂടുതല്‍ വിമര്‍ശനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."