കോണ്‍ഗ്രസ് മെംബര്‍ക്ക് പ്രസിഡന്റ് സ്ഥാനം: ഇടത് മുന്നണിയില്‍ പ്രതിസന്ധി രൂക്ഷം
ചേലക്കര: കൊണ്ടാഴി പഞ്ചായത്തിലേക്ക് കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തെ പിന്തുണക്കുകയും പ്രസിഡന്റാക്കുകയും ചെയ്ത ഇടത് നടപടിക്കെതിരേ മുന്നണിയില്‍ പ്രതിഷേധം കനക്കുന്നു. ഒരു വിഭാഗം പഞ്ചായത്ത് മെമ്പര്‍മാരും പഞ്ചായത്തിലെ ഭൂരിഭാഗം പ്രവര്‍ത്തകരും ഇതിനെ ചോദ്യംചെയ്ത് രംഗത്തെത്തി. സി.പി.എമ്മിന് പുറമെ സി.പി.ഐയിലും അസ്വാരസ്യങ്ങള്‍ പുകയുകയാണ്.
എ.ഐ.വൈ.എഫ് നടപടിക്കെതിരേ പരസ്യമായി രംഗത്തെത്തി. പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പാടുപെടുന്നവരെ അവഗണിച്ച് ഭാഗ്യാന്വേഷികള്‍ക്ക് ഉന്നത പദവി നല്‍കിയതിനെ പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു.
പഞ്ചായത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നണി സ്ഥാനാര്‍ഥിക്ക് സുഗമമായി വിജയിച്ചുകയറാമെന്നിരിക്കെ കോണ്‍ഗ്രസുകാരിയെ ചാക്കിട്ട് പിടിച്ച് പ്രസിഡന്റാക്കിയത് പൊതുജനങ്ങള്‍ക്കിടയില്‍ മുന്നണിയുടെ പ്രതിച്ഛായ തകര്‍ത്തുവെന്ന വാദവും ശക്തമാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ഒരു വനിതാ അംഗത്തിന്റെ വോട്ട് അസാധുവായത് മുന്നണിയില്‍ ഉരുണ്ട് കൂടുന്ന കലാപങ്ങളുടെ മുന്നോടിയാണെന്ന വിലയിരുത്തലും ശക്തമാണ്. എന്നാല്‍ തങ്ങള്‍ ഒരു അട്ടിമറിക്കുമില്ലെന്നും ഏത് വിധേനയേയും ഭരണം പിടിക്കാന്‍ ഇടതുമുന്നണി ഒരു ദേശീയ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ കുതിരക്കച്ചവടം ജനം തിരിച്ചറിയുമെന്നുമാണ് യു.ഡി.എഫ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."