ലിഫ്റ്റില്‍ കയറിയ രോഗിയും പിതാവും കുടുങ്ങി; പുറത്തിറക്കിയത് അര മണിക്കൂറിന് ശേഷം
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ കയറിയവര്‍ ലിഫ്റ്റില്‍ കുടുങ്ങി. അരമണിക്കൂറിലധികം ലിഫ്റ്റില്‍ കുടങ്ങിയ ഇവരെ പിന്നീട് ടെക്‌നീഷ്യന്മാരെത്തി രക്ഷപ്പെടുത്തി.
രണ്ടാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ചിങ്ങവനം പന്നിമറ്റം സ്വദേശി സുധിന്‍ (15), അദ്ദേഹത്തിന്റെ പിതാവ്, മറ്റു രണ്ടുപേര്‍എന്നിവരായിരുന്നു ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ 10.30 ന് മെഡിക്കല്‍കോളജ് ആശുപത്രിയുടെ പ്രധാന ശസ്ത്രക്രിയ തിയേറ്ററിലേക്കുള്ളലിഫ്റ്റിലായിരുന്നു സംഭവം. തകരാറിലായിരുന്ന ലിഫ്റ്റ് നന്നാക്കുന്ന വിവരമറിയാതെ കയറിയതാണ് കുടുങ്ങാന്‍ കാരണമായത്. മെഡിക്കല്‍ സ്‌റ്റോറിന് സമീപം പ്രവര്‍ത്തിക്കുന്ന രണ്ട് ലിഫ്റ്റുകളാണുള്ളത്.
ഒന്ന് പുതിയ രീതിയില്‍ലുള്ളതും മറ്റൊന്ന് പഴയകാലത്തു സ്ഥാപിച്ചതുമാണ്. ഈ പഴയ ലിഫ്റ്റ് രണ്ടു ദിവസമായി തകരാറിലായിരുന്നു. അത് നന്നാക്കുന്നതിനായി ഇന്നലെ രാവിലെ കമ്പനിയുടെ ടെക്‌നീഷ്യന്മാരെത്തി സര്‍വീസിങും, റിപ്പയറിങും നടത്തികൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ ലിഫ്റ്റില്‍ കയറുന്നത്.
ലിഫ്റ്റില്‍ കയറി ഉടന്‍ തന്നെ കൈകൊണ്ട് വാതില്‍ അടച്ച ശേഷം മുകളിലത്തെ നിലയിലെ വാര്‍ഡിലേക്ക് പോകുന്നതിനായി സ്വിച്ച് ഓണ്‍ ചെയ്‌തെങ്കിലും ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നില്ല. ഈ സമയം മുകളിലത്തെ നിലയില്‍ ടെക്‌നീഷ്യന്‍മാര്‍ തകരാര്‍ സംഭവിച്ച ഈ ലിഫ്റ്റ് നന്നാക്കുകയായിരുന്നു.
സമീപത്ത് പ്രവര്‍ത്തനമുള്ള ലിഫ്റ്റിലെ ജീവനക്കാര്‍ തകരാറിലായ ലിഫ്റ്റില്‍നിന്ന് ബഹളം കേട്ടയുടന്‍ ടെക്‌നീഷ്യന്മാരെ വിവരം അറിയിക്കുകയും അവരെത്തി ഇവരെ പുറത്തിറക്കുകയുമായിരുന്നു.
ജീവനക്കാരില്ലാത്ത ലിഫ്റ്റില്‍ കയറിയതാണ് ഇവര്‍ കുടുങ്ങിപോകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. ലിഫ്റ്റു നന്നാക്കുന്ന വിവരം അറിയിക്കാനുള്ള മാര്‍ഗം അധികൃതര്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരത്തില്‍ സന്ദര്‍ശകരും രോഗിയും ലിഫ്റ്റില്‍ കുടുങ്ങാന്‍ ഇടയായതെന്ന് സന്ദര്‍ശകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."