സാമൂഹ്യക്ഷേമ പെന്‍ഷന്‍ അനര്‍ഹരെ ഒഴിവാക്കണമെന്ന് വീണ്ടും ധനവകുപ്പ് സെക്രട്ടറി
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന അനര്‍ഹരെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ ധനവകുപ്പ്. അനര്‍ഹരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ധനവകുപ്പ് സെക്രട്ടറി വീണ്ടും സര്‍ക്കാരിനെ സമീപിച്ചു.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ നിലവിലുള്ള പട്ടിക പുനഃപരിശോധിക്കേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തിയ സാംപിള്‍ സര്‍വേയില്‍ നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 20 ശതമാനത്തോളം അനര്‍ഹര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ധനവകുപ്പിന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുനഃപരിശോധിയ്ക്കാന്‍ ഉത്തരവിറക്കിയത്.
പെന്‍ഷന്‍ വാങ്ങുന്നവര്‍ താമസിക്കുന്ന വീടിന്റെ വലിപ്പം, താമസിക്കുന്ന വീട് കോണ്‍ക്രീറ്റ് മേല്‍ക്കൂരയോട് കൂടിയതും ആധുനികരീതിയില്‍ ഫ്‌ളോറിങ് ചെയ്തതുമാണോ, കുടുംബത്തിലെ അംഗങ്ങളുടെ ജോലി, വരുമാനം, കുടുംബാംഗങ്ങളുടെ കൈവശമുള്ള ഭൂമി, വീട്ടില്‍ ആധുനിക ഉപകരണങ്ങളായ എയര്‍ കണ്ടിഷണര്‍, വാഷിങ് മെഷിന്‍, എല്‍.ഇ.ഡി ടെലിവിഷന്‍ മുതലായവ ഉപയോഗിക്കുന്നുണ്ടോ, കുടുംബാംഗങ്ങള്‍ എ.സി വാഹനം ഉപയോഗിക്കുന്നവരാണോ, കുടുംബാംഗങ്ങളുടെ ജീവിതനിലവാരം, സമൂഹത്തിലെ അവരുടെ സ്ഥാനം തുടങ്ങിയവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കണമെന്നായിരുന്നു ധനവകുപ്പ് നേരത്തേ ഇറക്കിയ ഉത്തരവ്. എന്നാല്‍, മന്ത്രി തോമസ് ഐസക് നേരിട്ടിടപെട്ട് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
44,65,061 പേരാണ് നിലവില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ വഴിയാണ് അനര്‍ഹര്‍ കടന്നുകൂടിയതെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
വാര്‍ധക്യകാല പെന്‍ഷന്‍കാരുടെ എണ്ണത്തിലാണ് കുത്തനെ വര്‍ധനവുണ്ടായത്. 2011-12ല്‍ മൊത്തം പെന്‍ഷന്‍കാര്‍ 30 ശതമാനത്തില്‍ താഴെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."