സി.പി.എമ്മില്‍ പിണറായി വിരുദ്ധ സിന്‍ഡിക്കേറ്റ് തലപൊക്കി: എം.എം ഹസന്‍
തൃശൂര്‍: പിണറായി വിജയന്റെ അപ്രമാദിത്വത്തിനെതിരേ സി.പി.എമ്മില്‍ പിണറായി വിരുദ്ധ സിന്‍ഡിക്കേറ്റ് തലപൊക്കിയതിന്റെ സൂചനയാണ് കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തിലൂടെ പുറത്തുവരുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍.
തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ തദ്ദേശപ്പോര് 2020 തെരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മാധ്യമ സിന്‍ഡിക്കേറ്റിന്റെ താല്‍പര്യമെന്നാണ് കെ.എസ്.എഫ്.ഇ റെയ്ഡിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍, റെയ്ഡുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞത് തോമസ് ഐസകും ആനത്തലവട്ടം ആനന്ദനുമാണ്. ഇവര്‍ പറഞ്ഞതാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്പ്രിംക്ലറില്‍ സര്‍ക്കാരിന്റെ നയത്തോട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരി എതിര്‍പ്പ് പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്. മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി പ്രതിയായതിനെതുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി ബാലകൃഷ്ണന് പച്ചക്കൊടി കാണിച്ച പാര്‍ട്ടി കേന്ദ്ര നേതൃത്വം കള്ളക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലും ആരോപണവിധേയനായ പിണറായി വിജയന്റെ കാര്യത്തില്‍ പരസ്യ പ്രതികരണം നടത്താത്തത് അത്ഭുതപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ക്രിസ്മസ് കിറ്റ് പ്രഖ്യാപിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണം. ക്രിസ്മസ് കിറ്റല്ല സ്വര്‍ണക്കിറ്റ് നല്‍കിയാലും ജനങ്ങളെ സ്വാധീനിക്കാന്‍ സര്‍ക്കാരിനാവില്ല. ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ ബന്ധിപ്പിച്ചതിന് ഇടതുമുന്നണി നല്‍കിയ പ്രതിഫലമാണ് ഗണേഷ് കുമാറിന്റെ എം.എല്‍.എ സ്ഥാനവും പിള്ളയുടെ ക്യാബിനറ്റ് പദവിയും.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫിന് ധാരണയും സഖ്യവുമില്ല. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട കേസില്‍ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ധൂര്‍ത്തടിച്ച ഒരു കോടിയിലേറെ രൂപ തിരിച്ചടയ്ക്കാന്‍ പിണറായിയോ സി.പി.എമ്മോ തയാറാവണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."